Site iconSite icon Janayugom Online

പ്രഭാത പരിപാടികളില്‍ മാറ്റം വരുത്തുവാനുള്ള ആകാശവാണിയുടെ തീരുമാനം പിന്‍വലിക്കണം: ബിനോയ് വിശ്വം

binoy viswambinoy viswam

ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള പ്രഭാത പ്രക്ഷേപണ പരിപാടിയിൽ മാറ്റം വരുത്താനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിക്കണമെന്ന് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന് നൽകിയ കത്തിൽ ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു. ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്യുന്ന സുഭാഷിതം, പ്രഭാതഭേരി തുടങ്ങിയവ മലയാളികള്‍ക്ക് ഗൃഹാരുത്വമുള്ള പ്രോഗ്രാമുകളാണ്. അന്നന്നത്തെ സാമൂഹിക‑സാംസ്‌കാരിക വിഷയങ്ങള്‍ വിശകലനം ചെയ്യുന്ന ഗഹനമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്ന ഈടുറ്റ പരിപാടിയാണ് പ്രഭാതഭേരി. രാവിലെ 5.55 ന് സുഭാഷിതത്തോടെ ആരംഭിക്കുന്ന സംശുദ്ധമായ മലയാള ഭാഷയിലുള്ള പ്രഭാഷണങ്ങളും ചര്‍ച്ചകളും അടങ്ങുന്ന പരിപാടികള്‍ 9 മണിക്ക് അവസാനിക്കുന്നതു വരെ ദിനചര്യകള്‍ക്കൊപ്പം നാടിനെ അറിയുന്നതിന് മലയാളികള്‍ക്ക് സഹായകരമാണ്. 

മലയാളികളുമായി അത്രയും ഇഴുകി ചേർന്ന ഈ പ്രഭാത പരിപാടികൾ നിർത്തലാക്കരുതെന്നും തുടരാൻ നിർദ്ദേശം നൽകണമെന്നും മന്ത്രിക്ക് നൽകിയ കത്തിൽ ബിനോയ് വിശ്വം അഭ്യർത്ഥിച്ചു. സാംസ്‌കാരിക സ്ഥാപനങ്ങളെ തകര്‍ക്കുകയും മാനവമൂല്യമുള്ള ചിന്തകളെ ഇല്ലായ്മ ചെയ്യുകയും എന്നത് കേന്ദ്രഭരണ കര്‍ത്താക്കളുടെ നിലനില്‍പ്പിന്റെ ഭാഗമാണ്. ഇതിന്റെ വെളിച്ചത്തിലാണ് ആകാശവാണി പ്രക്ഷേപണങ്ങളെ ഉള്‍പ്പെടെ ഇല്ലാതാക്കുന്നതിനും ഇത്തരം സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സുഭാഷിതത്തിന്റെയും പ്രഭാതഭേരിയുടെയും സ്ഥാനത്ത് സിനിമാപാട്ടുകള്‍ എന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധത തിരിച്ചറിയപ്പെടാതെ പോകരുത്. 

ഈ പരിപാടികള്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെയും നയങ്ങളെയും വിമര്‍ശനാത്മകമായി കൈകാര്യം ചെയ്യുന്നതായി കണ്ടിട്ടില്ലെങ്കിലും മാനവികതയിലൂന്നിയ ചര്‍ച്ചകള്‍ പോലും ഇവിടെ വളര്‍ന്ന് വരേണ്ട എന്നത് കാടത്ത സമീപനമാണ്. രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ വിൽക്കുന്ന മോദി സര്‍ക്കാര്‍ ആകാശവാണിയെ പോലുള്ള ഉന്നതമായ മാധ്യമ സ്ഥാപനത്തിന്റെ അന്തസ്സിന് വില പറയരുതെന്നും പ്രഭാത പരിപാടികള്‍ തുടരുവാന്‍ തയ്യാറാകണമെന്നും ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു.

ENGLISH SUMMARY:All India Radio’s deci­sion to change morn­ing pro­grams should be reversed: Binoy Vishwam
You may also like this video

Exit mobile version