ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്ടിയു) സംസ്ഥാനസമ്മേളനം ഫെബ്രുവരി 1, 2, 3 തീയതികളിൽ പാലക്കാട്ട് നടക്കും. ഫെബ്രുവരി ഒന്നിന് ആദ്യദിനം രാവിലെ പത്തുമുതല്‍ വിവിധ കമ്മറ്റികളുടെ യോഗം ചേരും. ഉച്ചകഴിഞ്ഞ് ബാനർ, പതാകജാഥകൾ രണ്ടു മണിയോടെ കോട്ടമൈതാനത്ത് സംഗമിക്കും. തുടര്‍ന്ന് വൈകിട്ട് മൂന്നു മണിക്ക് പ്രകടനവും തുടർന്ന് കോട്ടമൈതാനത്ത് (കാനംരാജേന്ദ്രൻ നഗറിൽ) പൊതുസമ്മേളനവും നടക്കും.
സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാനും സി പി ഐ ജില്ലാ സെക്രട്ടറിയുമായ കെ പി സുരേഷ് രാജ് അധ്യക്ഷതവഹിക്കും. ഈ വർഷത്തെ പി ആര്‍ നമ്പ്യാർസ്മാരക എ കെ എസ് ടി യു പുരസ്കാരം കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണന് സിപിഐയുടെ മുതിർന്ന നേതാവ് കെ ഇ ഇസ്മായിൽ നല്‍കും. സമ്മേളനപ്പതിപ്പ് സിപിഐ സംസ്ഥാന അസി: സെക്രട്ടറി പി പി സുനീർ പ്രകാശനം ചെയ്യും. തുടര്‍ന്ന് വിവിധ നേതാക്കൾ സംസാരിക്കും.
ഫെബ്രുവരി രണ്ടിന് രാവിലെ 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ അധ്യാപക സംഘടനാ പ്രസിഡന്റ് കെ നരസിംഹറെഡ്ഡി പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് പി കെ മാത്യു അധ്യക്ഷനാകും. തുടർന്ന് ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
ഉച്ചകഴിഞ്ഞ് വിദ്യാഭ്യാസ സമ്മേളനം എസ് സി ഇ ആര്‍ ടി ഡയറക്ടർ ഡോ ആര്‍ കെ ജയപ്രകാശ് ‑പാഠ്യപദ്ധതിയും മൂല്യനിർണ്ണയവും എന്ന വിഷയത്തിലും കവി പി രാമൻ‑മാതൃഭാഷാ പഠനത്തിലും, ചരിത്രഗവേഷണ കൗൺസിലംഗം ഡോ പിപി അബ്ദുറസ്സാഖ് തിരുത്തപ്പെടുന്ന ചരിത്രം എന്ന വിഷയത്തിലും സംസാരിക്കും. തുടര്‍ന്ന് വൈകന്നേരം അധ്യാപക സർഗ്ഗവേദിയുടെ കലാസന്ധ്യ അരങ്ങേറും.
സമാപന ദിവസമായ മൂന്നിന് രാവിലെ നടക്കുന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക. വൈകുന്നേരം പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുംമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ. കെ ജയകൃഷ്ണൻ, പ്രസിഡന്റ് പി കെ മാത്യു, കൺവീനർ എംഎന്‍ വിനോദ്, ജവഹര്‍ പിഎസ്, ലിന്റോ വേങ്ങശ്ശേരി എന്നിവര്‍ അറിയിച്ചു.
English Summary: All Kerala School Teachers Union 27th State Conference from 1st to 3rd
You may also like this video