Site iconSite icon Janayugom Online

വിശാലമായ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്

ഇന്ത്യയുടെ നിലനില്പു പോലും നിർണയിക്കുന്ന പോരാട്ടം കാലൊച്ചമാത്രം അകലെയാണ്. 2014 മുതൽ രാഷ്ട്രീയ അധികാരം നിയന്ത്രിക്കുന്നവർ കളങ്ങളെല്ലാം തങ്ങൾക്കനുകൂലമാക്കാൻ ആയുധങ്ങളെല്ലാം പുറത്തെടുത്തിരിക്കുന്നു. യുദ്ധം ജയിക്കാൻ സകല വിഭവങ്ങളും സമാഹരിച്ചിരിക്കുന്നു. ഫാസിസം അതിന്റെ തുടക്കം മുതലേ വെല്ലുവിളികൾ നേരിടുമ്പോൾ ദയാരാഹിത്യം പ്രകടമാണ്. ഹിറ്റ്ലർ മുതൽ മോഡി വരെ, അതിന്റെ അടിസ്ഥാന സ്വഭാവവിശേഷങ്ങൾ വംശീയ അഭിമാനബോധവും കുത്തക മൂലധനത്തോടുള്ള നിരുപാധികമായ വിധേയത്വവുമാണ്. അവരുടെ വഴികളെല്ലാം വന്യമാണ്. വർഗീയ കലാപങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും അഴിച്ചുവിടാനും അവർ മടിക്കില്ല. മതവും വിശ്വാസവും ദൈവ സങ്കല്പങ്ങളും ജനങ്ങളെ വേർതിരിക്കാൻ ദുരുപയോഗിക്കും. രാജ്യത്തിന്റെ ഐക്യത്തിന് അടിത്തറ തീർത്ത ഭരണഘടനയെയാണ് ഇപ്പോൾ ലക്ഷ്യം. ഭരണഘടനയുടെ അടിസ്ഥാന ഘടനകളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എല്ലാം ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന് എതിരാണ്. അവര്‍ വീണ്ടും അധികാരത്തിലേറിയാൽ രാജ്യം തകരും. ഇന്ത്യ എന്ന ആശയത്തോട് പ്രതിബദ്ധതയുള്ള സകലരും ഓരോ നിമിഷത്തിലും ഇത് ഉള്ളിൽ സംഗ്രഹിക്കേണ്ടിയിരിക്കുന്നു. മതേതര ജനാധിപത്യം ഉള്ളടക്കം തീർത്ത നാടിന്റെ പ്രതിരോധം പ്രധാന ഘടകമാണ്. ‘ബിജെപിയെ തോല്പിക്കുക’ എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇത്തരം പശ്ചാത്തലത്തിലാണ് റായ്‌പൂരിലെ കോൺഗ്രസ് പ്ലീനറി സമ്മേളനം നടന്നത്.

കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ വെല്ലുവിളി നിറഞ്ഞ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിന്റെ മഹത്വവും ബഹുജന പിന്തുണയും ഭൂതകാലത്തിന്റെ കഥകളായി മാറിയിരിക്കുന്നു. മൂന്നു സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസിന് രാഷ്ട്രീയ അധികാരമുള്ളത്. പല സംസ്ഥാനങ്ങളിലും പ്രധാന പ്രതിപക്ഷ കക്ഷിയാകാനുള്ള ശേഷി പോലും ഇല്ലാതായി. റായ്‌പൂർ പ്ലീനറി കോൺഗ്രസിന്റെ പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നെങ്കിൽ, അവർ നിരാശപ്പെടും. ഗൗരവമേറിയ ദൗത്യങ്ങളൊന്നും ഏറ്റെടുക്കാൻ വയ്യ എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ മാനസികാവസ്ഥ. ഉദാരവല്‍ക്കരണ ആഗോളീകരണ നയങ്ങളുടെ അടിമത്തത്തിൽ കോൺഗ്രസ് ഗാന്ധി-നെഹ്രു പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങളും മതേതര വിശ്വാസികളും കോൺഗ്രസിൽ നിന്ന് അകന്നുമാറി.


ഇതുകൂടി വായിക്കൂ: മാറാത്ത മുഖംമൂടിയും മറുപടിയില്ലാത്ത ചോദ്യങ്ങളും


ആർഎസ്എസ്-ബിജെപി സംഘങ്ങൾ ജവഹർലാൽ നെഹ്രുവിനെ വളഞ്ഞിട്ടാക്രമിച്ചപ്പോഴും കോൺഗ്രസ് നേരിടാതെ മാറിനിന്നു. റായ്‌പൂരിൽ അടിസ്ഥാന വിഷയങ്ങളൊന്നും ചർച്ച ചെയ്തില്ല. ആകെയുള്ള മെച്ചം ബിജെപിക്കെതിരെ പോരാടാനുള്ള ആഹ്വാനമാണ്. സമ്മേളനത്തിന്റെ തലേന്ന് കോൺഗ്രസ് നേതാക്കൾ ഈ പോരാട്ടം കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. ഇത്തരം ചില വർത്തമാനങ്ങളും നടത്തി. എന്നാൽ രാഷ്ട്രീയ പ്രമേയത്തിൽ ആ നിലപാടില്ല. മതേതര സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യമായിരുന്നു പ്രമേയത്തിന്റെ കാതൽ. മതേതര, ജനാധിപത്യ, ഇടതു ശക്തികളുടെ വർണ രൂപം ചർച്ചകൾക്ക് ഇടമൊരുക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് അവരുടേതായ ദിശാബോധമനുസരിച്ച്, തെരഞ്ഞെടുപ്പ് പ്രവർത്തനത്തെക്കുറിച്ചും നേതൃസ്ഥാനത്തെക്കുറിച്ചും അവരുടേതായ ആശയങ്ങൾ ഉണ്ടാകും. അധികാരത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും അവരുടേതായ ഭാവനകൾ ഉണ്ടാകും. എന്നാൽ മുഖ്യ ശത്രുവായ ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപിയെ തോല്പിക്കാൻ രാജ്യത്തിന് കഴിയുമോ എന്നതാണ് ചോദ്യം. ആർഎസ്എസും ബിജെപിയും എല്ലാ മൂല്യങ്ങൾക്കും എതിരാണ്. മൂന്നാം വിജയത്തിനായുള്ള അവരുടെ രൂപരേഖ എന്തുവിലകൊടുത്തും പരാജയപ്പെടുത്തണം.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും നേതൃത്വചിന്തയും ബിജെപിക്കെതിരെയുള്ള പോരാട്ട വഴിയിൽ തടസമാകരുത്. മതനിരപേക്ഷ, ജനാധിപത്യ, ഇടതുപക്ഷ ശക്തികൾ ഒന്നിക്കുന്നതിനുള്ള എല്ലാ ചെറിയ അവസരങ്ങളും അന്വേഷിക്കേണ്ടതുണ്ട്, കാരണം ഫാസിസത്തിനെതിരായ പോരാട്ടം അവസരങ്ങളിൽ ഒന്നും ആരെയും തള്ളിക്കളയാനാവില്ല. സാധ്യമായ ഏറ്റവും വിശാലമായ ഐക്യമാണ് പോരാട്ടത്തിന്റെ തന്ത്രം. ഏതൊരു പിഴവും അപരിഹാരമായ നാശത്തിനിടയാക്കും. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്റെ വാക്കുകൾ ഈ മനോഭാവത്തിൽ വേണം മനസിലാക്കാൻ. എഴുപതാം പിറന്നാൾ വേളയിൽ, വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ നിന്ന്, ഐക്യം കെട്ടിപ്പടുക്കാനുള്ള ആവേശകരമായ ആഹ്വാനം നടത്തി അദ്ദേഹം. ബിജെപിയെ പരാജയപ്പെടുത്താനുള്ള ചരിത്രപരമായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കാൻ രാജ്യത്തുടനീളമുള്ള രാഷ്ട്രീയ ശക്തികളുടെ വിശാല വർണരാജി ഒരുങ്ങണം. വിശാലവേദിയെന്ന രാഷ്ട്രീയ ലക്ഷ്യം മുന്നോട്ടുവച്ച ആദ്യത്തെ രാഷ്ട്രീയ പാർട്ടിയായ സിപിഐ, ഏതൊരു മുന്നേറ്റത്തെയും സ്വാഗതം ചെയ്യുന്നു. പോരാട്ട സ്വഭാവം എന്തെന്നും മുഖ്യ ശത്രു ആരാണെന്നും പാർട്ടിക്ക് വ്യക്തമാണ്. പുതുച്ചേരിയിൽ അടുത്തിടെ സമാപിച്ച സിപിഐ ദേശീയ കൗൺസിൽ, ഈ കാഴ്ചപ്പാടിൽ, ‘ബിജെപി ഹഠാവോ, ദേശ് ബച്ചാവോ!’ ആഹ്വാനം ഉയർത്തി. ‘ബിജെപി ഹഠാവോ, ദേശ് ബച്ചാവോ!’ സ്വന്തം ഉണ്മയിൽ നിന്നും മെനഞ്ഞെടുത്ത ഈ സന്ദേശം ഏറ്റെടുക്കാൻ പാർട്ടി പൂർണസജ്ജമാണ്.

Exit mobile version