Site iconSite icon Janayugom Online

ഗാസയില്‍ അവശേഷിക്കുന്നത് കെട്ടിടാവശിഷ്ടങ്ങള്‍ മാത്രം; 83 ശതമാനവും തകര്‍ന്നു

ഗാസ: മാസങ്ങള്‍ നീണ്ട ഹമാസ്- ഇസ്രയേല്‍ യുദ്ധത്തില്‍ ഗാസയിലെ 83 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു. പുനര്‍നിര്‍മാണത്തിന് കണക്കുകൂട്ടിയതിനേക്കാള്‍ ഏറെ ചെലവുവരുമെന്നും യുഎന്‍ അറിയിച്ചു.
40 കിലോമീറ്റര്‍ നീളവും 11 കിലോമീറ്റര്‍ വീതിയുമുള്ള 360 ചതുരശ്ര കിലോമീറ്ററിലുള്ള ഗാസയില്‍ 23 ലക്ഷം പേരാണ് താമസിച്ചിരുന്നത്. 67,000 പേര്‍ പലസ്തീനികള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് യുഎന്‍ കണക്കുകള്‍. രണ്ട് ലക്ഷത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലില്‍ ഇതുവരെ 1200 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 5400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗാസയില്‍ സാധാരണ ജീവിതം പുനസ്ഥാപിക്കുകയെന്നത് അത്യന്തം ദുഷ്കരമാണെന്ന് യുഎന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാറ്റഗറി നാല്, അഞ്ച് എന്നിവയില്‍പ്പെട്ട ചുഴലിക്കാറ്റില്‍ പെട്ടതിന് സമാനമായ അവസ്ഥയിലാണ് ഗാസ. ഏതൊരു ദുരന്തത്തെയും പോലെ ഭക്ഷണം, മരുന്ന്, കുടിവെള്ളം എന്നിവയുടെ ലഭ്യത ഉറപ്പാക്കുകയാണ് ഗാസയില്‍ ആദ്യം വേണ്ടത്. അതിര്‍ത്തികളിലൂടെ കൂടുതല്‍ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും ഗാസയിലേക്ക് എത്തിച്ചേരേണ്ടത് അത്യാവശ്യമാണ്.
പൂര്‍ണമായും തകര്‍ന്ന പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം വലിയ വെല്ലുവിളിയാകും. വൈദ്യുതി, ജലം, മാലിന്യം, ജലസേചന സംവിധാനങ്ങള്‍ തുടങ്ങിയവയൊക്കെ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഗാസ പുനര്‍നിര്‍മാണത്തില്‍ മുഖ്യ പങ്ക് വഹിക്കുക എന്‍ജിനീയര്‍മാരായിരിക്കുമെന്നും യുഎന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നത് പ്രതിരോധിക്കുക, ആയുധങ്ങളും പൊട്ടാത്ത ബോംബുകളും സുരക്ഷിതമായി നീക്കം ചെയ്യുക, സര്‍ക്കാര്‍ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ, തകര്‍ന്നുവീഴാറായ കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം ഗാസയ്ക്ക് മേല്‍ കനത്ത വെല്ലുവിളിയാണുണര്‍ത്തുന്നത്. കോടിക്കണക്കിന് ടണ്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതും നിര്‍മ്മാണ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
യഥാര്‍ത്ഥത്തില്‍ ഗാസ പുനര്‍നിര്‍മ്മാണം പതിറ്റാണ്ടുകള്‍ കൊണ്ട് മാത്രം പൂര്‍ത്തിയാകുന്ന ഒന്നാണ്. രൂപകല്പന, പണം, അടിസ്ഥാന വികസനം തുടങ്ങിയവയാകും ഈ കാലയളവില്‍ നടക്കുക. എന്നാല്‍ ആറുമാസത്തിനുള്ളില്‍ ശൈത്യകാലമെത്തുന്നതിനാല്‍ അടിയന്തര രക്ഷപ്രവര്‍ത്തനങ്ങള്‍ ഗാസയില്‍ നടത്തേണ്ടതുണ്ട്. 

Exit mobile version