Site iconSite icon Janayugom Online

സര്‍വ്വത്ര ആശയക്കുഴപ്പം; 2000 നോട്ട് മാറ്റാന്‍ രേഖകള്‍ ആവശ്യപ്പെട്ട് ബാങ്കുകള്‍

2000 നോട്ടുകള്‍ മാറ്റിയെടുക്കലില്‍ സര്‍വ്വത്ര ആശയക്കുഴപ്പം. 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനോ നിക്ഷേപിക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യമില്ലെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു. എന്നാല്‍ ചില ബാങ്കുകള്‍ അത്തരത്തിലുള്ള രേഖകള്‍ ആവശ്യപ്പെടുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. പല ബാങ്കുകളും നോട്ടുകൾ മാറ്റാൻ വിസമ്മതിക്കുകയും പകരം നിക്ഷേപിക്കാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തു. അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് അപേക്ഷയോ തിരിച്ചറിയല്‍ കാര്‍ഡോ നോട്ട് മാറ്റിയെടുക്കാന്‍ ആവശ്യമാണെന്ന് കൊട്ടക് ബാങ്ക്, എച്ച്എസ്ബിസി, ഫെഡറല്‍ ബാങ്ക് എന്നിവ ഇന്നലെ ബാങ്കുകളിലെത്തിയവരോട് ആവശ്യപ്പെട്ടു. പല ബ്രാഞ്ചുകളിലും ഇക്കാര്യം അറിയിച്ച് പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. 

രേഖകള്‍ ആവശ്യപ്പെടാതെ ആക്‌സിസ് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, യെസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നോട്ടുകള്‍ മാറ്റിനല്‍കി. അതേസമയം എല്ലാ ഉപഭോക്താക്കളും അപേക്ഷകള്‍ പൂരിപ്പിക്കണമെന്ന് ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, പിഎന്‍ബി എന്നീ ബാങ്കുകള്‍ ആവശ്യപ്പെട്ടു. അതേസമയം ബാങ്കുകൾക്ക് അവരുടേതായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാമെന്നും ആർബിഐ നിർദേശിച്ച നടപടിക്രമങ്ങളൊന്നുമില്ലെന്നും ആർബിഐ ഗവർണർ പറഞ്ഞു. 

അതിനിടെ 2000 നോട്ടുകൾ പിൻവലിച്ചത് നോട്ട് നിരോധനമായി കണക്കാക്കാനാകില്ലെന്ന് ആർബിഐ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. നോട്ടുകൾ പിൻവലിച്ചത് നിയമപ്രകാരമുള്ള നടപടിയാണെന്നും ആർബിഐ അവകാശപ്പെട്ടു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹർജി വിധി പറയാനായി മാറ്റി. 

Eng­lish Summary;All the con­fu­sion; Banks ask­ing for doc­u­ments to exchange 2000 note

You may also like this video

Exit mobile version