Site iconSite icon Janayugom Online

ആശങ്കയില്ലാതെ കെഎസ്ഇബിക്ക് പുതുവർഷം

തുലാവർഷത്തിൽ ലഭിച്ച റെക്കോർഡ് മഴയുടെ പിൻബലത്തിൽ കെഎസ്ഇബിക്ക് പുതുവർഷം ആശങ്കയില്ലാതെ തുടങ്ങാം.കേരളത്തിലെ ജല വൈദ്യുത പദ്ധതികളുള്ള ഡാമുകളിലെ ആകെ ജലശേഖരം കഴിഞ്ഞ അ‍ഞ്ച് വർഷത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തോതിലാണ്. 3722. 11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലശേഖരമാണ് പുതുവർഷം ആരംഭിക്കുമ്പോൾ എല്ലാ ഡാമുകളിലുമായി ഉള്ളത്. ഇത് ശേഷിയുടെ ഏകദേശം 90 ശതമാനത്തോളം വരും. മുൻ വർഷം ഇത് 3442. 107 ദശലക്ഷം യൂണിറ്റായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 280. 704 ദശലക്ഷം യൂണിറ്റ് അധിക ജലം ഡാമുകളിലെല്ലാമായുണ്ട്. 2017ൽ 2997. 903 ദശലക്ഷം യൂണിറ്റിനുള്ള ജലം ഉണ്ടായിരുന്നപ്പോൾ 2018ൽ 2950. 088ഉം, 2019ൽ 3142. 255 ദശലക്ഷം യൂണിറ്റിനുമുള്ള ജലം ഉണ്ടായിരുന്നതായിട്ടാണ് കണക്കുകൾ. 

തുലാവർഷത്തിൽ 102. 6 സെന്റിമീറ്ററോളം മഴ ലഭിച്ചതാണ് ഇത്തവണ ആകെ ജലശേഖരം 90 ശതമാനത്തിൽ നിന്നും താഴോട്ട് പോകാതെ നിലനിർത്തിയത്. തുലാവർഷം 109 ശതമാനം മഴ കൂടുതലായി ലഭിച്ചതായിട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.ഡിസംബർ മാസം ആകെ കെഎസ്ഇബി 232 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ച സ്ഥാനത്ത് ആകെ 591. 948 ദശലക്ഷം യൂണിറ്റിന് ആവശ്യമായ ജലം ഒഴുകിയെത്തി. ഡിസംബർ ആദ്യവാരം തന്നെ അനുഭവപ്പെട്ട ന്യൂനമർദ്ദവും തുടർന്നുണ്ടായ ശക്തമായ മഴയും മൂലം നീരൊഴുക്ക് കെഎസ്ഇബി പ്രതീക്ഷിച്ചതിന്റെ നാലിരട്ടിയോളം ലഭിച്ചിരുന്നു. 

അതേസമയം പകൽ സമയം അനുഭവപ്പെടുന്ന കടുത്ത ചൂടിനെതുടർന്ന് സംസ്ഥാനത്തെ പ്രതിദിന വൈദ്യുതോപഭോഗം ശരാശരി 73. 5681 ദശലക്ഷം യൂണിറ്റായി ഉയർന്നു. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതോൽപ്പാദനം താൽക്കാലികമായി കുറച്ചിട്ടുമുണ്ട്. ഇന്നലെ ആകെ ഉപഭോഗത്തിൽ 18. 5874 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിച്ചത്. 72. 9514 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ആകെ വൈദ്യുത ഉപഭോഗം. ശേഷിച്ച 54. 364 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറമേ നിന്ന് എത്തിച്ചതാണ്.വൈദ്യുതോൽപ്പാദന കേന്ദ്രമായ ഇടുക്കി ഡാമിൽ ജലശേഖരം 2397.98 അടിയാണ്. ഇത് ഡാമിന്റെ പരമാവധി സംഭരണ ശേഷിയുടെ 94 ശതമാനം വരും.
eng­lish sum­ma­ry; all the dams will have enough water to gen­er­ate elec­tric­i­ty in newyear
you may also like this video;

Exit mobile version