Site icon Janayugom Online

മുസ്ലിം വിരുദ്ധതയില്‍ സര്‍വകാല റെക്കോഡ്

modi

മോഡി ഭരണത്തില്‍ രാജ്യത്ത് മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗത്തില്‍ സര്‍വകാല റെക്കോഡ്. 2023ന്റെ രണ്ടാം പാദത്തില്‍ മാത്രം രാജ്യത്ത് 668 മുസ്ലിം വിദ്വേഷ പ്രസംഗം അരങ്ങേറിയെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഹേറ്റ് ലാബ് എന്ന സന്നദ്ധസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് 498 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇസ്രയേല്‍-ഗാസ യുദ്ധത്തിന്റെ പ്രതിഫലനം വിദ്വേഷ പ്രസംഗത്തിന്റെ നിരക്ക് വര്‍ധിക്കാന്‍ ഇടവരുത്തി. 2023ലെ ആദ്യ ആറുമാസം 255 കേസുകളും രണ്ടാം പാദത്തില്‍ 413 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങളും നടന്നത്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേല്‍ ആക്രമണം നടത്തിയ നാള്‍ മുതലാണ് രാജ്യത്ത് മുസ്ലിം വിദ്വേഷ പ്രസംഗത്തില്‍ കുതിച്ചുചാട്ടം ഉണ്ടായത്. യുദ്ധവുമായി ബന്ധപ്പെട്ട് മുസ്ലിങ്ങള്‍ക്കെതിരെ ഡിസംബറില്‍ 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 

മോഡി ഭരണത്തിലെത്തിയ ശേഷം രാജ്യത്തെ മുസ്ലിം വിഭാഗത്തിന് നേര്‍ക്കുള്ള വിദ്വേഷ പ്രസംഗത്തില്‍ വന്‍തോതില്‍ കുതിച്ചുകയറ്റം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിം സമുദായവും വ്യക്തികളും വിദ്വേഷ പ്രസംഗത്തിന് ഇരയായി. 2019ലെ പൗരത്വ ഭേദഗതി നിയമം, മതംമാറ്റ നിരോധന നിയമം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് മുസ്ലിം വിരുദ്ധതയുടെ ഉദാഹരണമാണ്. അനധികൃത നിര്‍മ്മാണം എന്ന പേരില്‍ കച്ചവട സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഇടിച്ച് നിരത്തിയതും മുസ്ലിം വിരുദ്ധതയുടെ മറ്റൊരു കാടത്തം നിറഞ്ഞ നടപടിയായിരുന്നു. 

കര്‍ണാടകയില്‍ ബിജെപി ഭരണകാലത്ത് ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനവും ന്യൂനപക്ഷ വേട്ടയായി റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂനപക്ഷ വേട്ട, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ചിട്ടും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ല. അമേരിക്കയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും വിദേശകാര്യ ഉദ്യോഗസ്ഥരും ഇതു സംബന്ധിച്ച് പ്രതികരണം നടത്താന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: All time record in anti-Muslim

You may also like this video

Exit mobile version