അഡാനി കമ്പനിയും സെക്യൂരിറ്റിസ് ആന്റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അധ്യക്ഷ മാധബി പുരി ബുച്ചും തമ്മിലുള്ള ക്രമവിരുദ്ധ സാമ്പത്തിക ഇടപാടിന്റെ വിവരങ്ങള്‍ പരസ്യമാക്കില്ലെന്ന് സെബി. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ സെക്ഷന്‍ 7 (9) ഉപയോഗിച്ച് സെബി അധികൃതര്‍ നിരസിക്കുകയായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റിലാണ് അമേരിക്കന്‍ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് മാധബി പുരി ബുച്ച്, ഭര്‍ത്താവ് ധവാല്‍ ബുച്ച് എന്നിവര്‍ക്ക് അഡാനി കമ്പനിയുമായി ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്തുവിട്ടത്. അഡാനിയുടെ ഷെല്‍ കമ്പനികളുമായി മാധബിയും ഭര്‍ത്താവും വ്യവസായ ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും അതുവഴി സാമ്പത്തിക ലാഭം നേടിയെന്നും ഹിന്‍ഡന്‍ബര്‍ഗ് തെളിവുകള്‍ പുറത്തുവിട്ടിരുന്നു.
അഡാനി കമ്പനികളുടെ ക്രമവിരുദ്ധ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന സെബി കേസില്‍ അഡാനിക്ക് അനുകൂലമായ സമീപനം സ്വീകരിച്ചതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ കേസില്‍ മാധബി പുരി ബുച്ചിന് പ്രത്യേക താല്പര്യങ്ങളില്ലായിരുന്നുവെന്നും ശരിയായ വിധത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നുമായിരുന്നു സെബിയുടെ അവകാശവാദം. നിരവധി തവണ അന്വേഷണത്തില്‍ നിന്നും മാറിനില്‍ക്കാന്‍ അവര്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും സെബി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ വിവരാവകാശ അപേക്ഷയില്‍ ബുച്ചിന്റെ പിൻവാങ്ങലുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്നും അത് സമാഹരിക്കുന്നത് വിഭവങ്ങൾ വഴിതിരിച്ചുവിടാൻ ഇടയാക്കുമെന്നും വിവരാവകാശ നിയമത്തിലെ സെക്ഷൻ 7(9) ഉദ്ധരിച്ച് സെബി പ്രതികരിച്ചു.
വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കാനാവില്ലെന്ന വാദം വീണ്ടും ദൂരുഹത സൃഷ്ടിക്കുന്നതായി പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനായ ലോകേഷ് ബത്ര പറയുന്നു. പൊതുതാല്പര്യ വിഷയം മാത്രമാണ് വിവരാവകാശ ചോദ്യത്തില്‍ അടങ്ങിയിരിക്കുന്നത്. നിയമ പ്രകാരം ഇത് നിഷേധിക്കുന്നത് സംശയം വര്‍ധിപ്പിക്കുന്ന നടപടിയാണ്. വിവരം കൈമാറുന്നതില്‍ സെക്ഷന്‍ 7(9) കവചമായി ഉപയോഗിക്കാന്‍ അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡാനി കമ്പനി വിദേശ ഷെല്‍ കമ്പനി വഴി നടത്തിയ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ആറുമാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ സെബി പരാജയപ്പെട്ടു. തുടര്‍ന്ന് കോടതിയില്‍ സമയം നീട്ടി ആവശ്യപ്പെട്ട സെബി ഏതാനും മാസം മുമ്പ് നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ അഡാനി കമ്പനികളെ വെള്ളപൂശുന്ന നിലപാടും സ്വീകരിച്ചിരുന്നു.