Site iconSite icon Janayugom Online

ഇൻസ്റ്റഗ്രാമില്‍ ഫിൽട്ടറിട്ട് പ്രായംകുറച്ച് പറ്റിച്ചെന്ന് ആരോപണം; 52കാരിയായ കാമുകിയെ കൊലപ്പെടുത്തി 26കാരനായ യുവാവ്

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 52കാരിയായ കാമുകിയെ 26കാരനായ യുവാവ് കൊലപ്പെടുത്തി. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സമ്മർദം ചെലുത്തിയതും വാങ്ങിയ പണം തിരികെ ചോദിച്ചതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. നാല് കുട്ടികളുടെ അമ്മയായ യുവതി ഇൻസ്റ്റാഗ്രാമിൽ ഫിൽട്ടർ ഉപയോഗിച്ച് പ്രായം കുറച്ച് കാണിച്ചാണ് തന്നെ പറ്റിച്ചതെന്നും യുവാവ് ആരോപിച്ചു. 

കഴിഞ്ഞ മാസം 11നാണ് മെയിൻപുരിയിലെ കർപ്പാരി ഗ്രാമത്തിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ഞെരിച്ചതിന്റെ പാടുകളുണ്ടായിരുന്നതിനാൽ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നീട് മരിച്ച സ്ത്രീ ഫറൂഖാബാദ് സ്വദേശിനിയായ റാണി(52) ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയായ അരുൺ രജ്പുതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്റ്റാഗ്രാമിലൂടെയാണ് റാണിയെ പരിചയപ്പെട്ടതെന്നും ഒന്നര വർഷമായി ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഓഗസ്റ്റ് 11ന് റാണി രജ്പുതിനെ കാണാനായി മെയിൻപുരിയിലെത്തി. നിരന്തരം വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ഏകദേശം 1.5 ലക്ഷം രൂപ തിരികെ ചോദിക്കുകയും ചെയ്തതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ, റാണി ധരിച്ചിരുന്ന ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് രജ്പുത് സമ്മതിച്ചു. യുവതി വിവാഹിതയും കുട്ടികളുടെ അമ്മയുമാണെന്ന് അറിഞ്ഞതോടെയാണ് വിവാഹത്തിൽനിന്ന് പിന്മാറിയതെന്നും പ്രതി പറഞ്ഞു.

Exit mobile version