Site iconSite icon Janayugom Online

നിയമവിരുദ്ധ മതപരിവർത്തനം നടത്തിയെന്ന് ആരോപണം; രാജസ്ഥാനിൽ രണ്ട് ക്രിസ്ത്യൻ മിഷനറിമാർ അറസ്റ്റിൽ

സംസ്ഥാനത്ത് അടുത്തിടെ നടപ്പിലാക്കിയ രാജസ്ഥാൻ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം രണ്ട് ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ മതപരിവർത്തന കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദൾ ഉദ്യോഗസ്ഥരും സമർപ്പിച്ച പരാതിയിൽ, ഡൽഹി നിവാസിയായ ചാണ്ടി വർഗീസിനെയും കോട്ട നിവാസിയായ അരുൺ ജോണിനെയും കസ്റ്റഡിയിലെടുത്തതായി കോട്ടയിലെ ബോർഖേഡ പൊലീസ് സ്റ്റേഷൻ ഓഫിസർ ദേവേഷ് ഭരദ്വാജ് അറിയിച്ചു. 

നവംബർ 4നും 6നും ഇടയിൽ കനാൽ റോഡിലെ ബീർഷെബ പള്ളിയിലേക്ക് ആത്മീയ പ്രഭാഷണത്തിന്റെ മറവിൽ ആളുകളെ ക്ഷണിച്ചുവരുത്തി മതം മാറ്റിയെന്നാണ് ഇരുവർക്കുമെതിരെയുള്ള പരാതി. ഇതുമായി ബന്ധപ്പെട്ട ചില വിഡിയോകളും മറ്റ് വസ്തുതകളും പരാതിക്കാർ പൊലീസിന് കൈമാറിയിട്ടുണ്ട്. പരിപാടി സോഷ്യൽ മീഡിയയിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. മതവികാരം വ്രണപ്പെടുത്തിയതിന് ബി എൻ എസിന്റെ സെക്ഷൻ 299 പ്രകാരവും, സംസ്ഥാന സർക്കാർ 2025 ഒക്ടോബർ 29ന് വിജ്ഞാപനം ചെയ്ത 2025 ലെ രാജസ്ഥാൻ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 3, 5 പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ പുതിയ നിയമം മതപരിവർത്തനം ജാമ്യമില്ലാ കുറ്റമായി കണ്ട് കഠിനമായ ശിക്ഷകൾ നൽകുന്നതാണ്.

Exit mobile version