Site icon Janayugom Online

സിവില്‍ സര്‍വീസ് പരീക്ഷ: യുപിഎസ്‍സിക്ക് സവര്‍ണാഭിമുഖ്യം

സിവില്‍ സര്‍വീസ് പരീക്ഷകളില്‍ യുപിഎസ്‍സി സവര്‍ണ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികളോടും ഇംഗ്ലീഷ് ഭാഷയോടും പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപണം. സിവില്‍ സര്‍വീസിന്റെ ഏറ്റവും പുതിയ ബാച്ച് ഇത്തരം പക്ഷപാത ആരോപണങ്ങള്‍ക്കുള്ള തെളിവുകളാണെന്ന് സമൂഹമാധ്യമങ്ങളിലെ വ്യാപക പ്രചരണങ്ങളുടെയും കോച്ചിങ് സെന്ററുകളില്‍ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഓണ്‍ലെെന്‍ വാര്‍ത്താപോര്‍ട്ടലായ ദ വയര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.

പൊതുവിഭാഗങ്ങളിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖ പരീക്ഷയിലുള്‍പ്പെടെ കുറഞ്ഞ മാർക്കാണ് നൽകുന്നതെന്ന് 2020 ലെ പരീക്ഷ വിലയിരുത്തിയാല്‍ വ്യക്തമാകുമെന്ന് വാര്‍ത്തയില്‍ പറയുന്നു. ആദ്യ 10 റാങ്കുകളിൽ എസ്‍സി, എസ്‍ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആരും 200 മാർക്കിന്റെ പരിധി മറികടന്നിട്ടില്ലെന്ന് അന്തിമ യോഗ്യതാ പട്ടിക തെളിയിക്കുന്നു. പ്രസിദ്ധീകരിച്ച മാര്‍ക്ക് ലിസ്റ്റ് അനുസരിച്ച് പൊതുവിഭാഗത്തിൽ നിന്നുള്ള നിരവധി ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ ഉദാരമായി മാർക്ക് നൽകിയില്ലായിരുന്നെങ്കിൽ ഐഎഎസ് റാങ്ക് നഷ്ടപ്പെടുമായിരുന്നു എന്നാണ് സൂചിപ്പിക്കുന്നതെന്നും ചൂണ്ടികാണിക്കുന്നു.
കോച്ചിങ് സെന്ററുകളില്‍ നിന്നുള്‍പ്പെടെയുള്ള കണക്കുകള്‍ അനുസരിച്ച് ഹിന്ദിയില്‍ പരീക്ഷ എഴുതിയ 11 ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ് അന്തിമപട്ടികയില്‍ ഇടംപിടിച്ചത്. ഇന്ത്യൻ ഭാഷകളിൽ പരീക്ഷ എഴുതി വിജയിക്കുന്ന ഉദ്യോഗാർത്ഥികളുടെ ഒരു ദശകത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. 

സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി യു‌പി‌എസ്‌സി പുതിയ സിലബസും പരീക്ഷാ രീതിയും അവതരിപ്പിച്ച 2011 മുതൽ ഈ പക്ഷപാതം നിലവിലുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. പുതുക്കിയ പരീക്ഷാ രീതി അനുസരിച്ചുള്ള രണ്ടാം പേപ്പറായ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സിഎസ്‍എടി) പ്രാദേശിക ഭാഷയില്‍ പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടേറിയതാണ്. മൂല്യനിർണയത്തിനുള്ള മാതൃകാ ഉത്തരങ്ങൾ ഇംഗ്ലീഷിലാണെന്നത് ഇന്ത്യൻ ഭാഷകളിൽ പരീക്ഷയെഴുതുന്നവരെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. ചോദ്യങ്ങളുടെ ഹിന്ദി വിവര്‍ത്തനങ്ങളുടെ നിലവാരമില്ലായ്മയാണ് പ്രധാന പ്രശ്നമെന്നും ഇവര്‍ പറയുന്നു. നിലവിൽ, സിവിൽ സർവീസുകളിലെ ഒഴിവുകളുടെ എണ്ണം 2013 ലേക്കാള്‍ പകുതിയോളമാണ്. ഈ സാഹചര്യത്തിൽ, സാമൂഹികമായും വിദ്യാഭ്യാസപരമായും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ പക്ഷപാതപരമായ പ്രവര്‍ത്തനം ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
eng­lish summary;Allegedly biased towards UPSC can­di­dates and Eng­lish lan­guage can­di­dates in civ­il ser­vice exams
you may also like this video;

Exit mobile version