ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതിയിൽ 33 ലക്ഷം രൂപ അനുവദിച്ചു. 2023–2024 സാമ്പത്തിക വർഷം 132 പേർക്ക് 25,000 രൂപ വീതം പദ്ധതിയിലൂടെ വിതരണം ചെയ്യും.
സ്വയംതൊഴിൽ വായ്പക്ക് ഈട് നൽകാൻ ഭൂമിയോ, മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് സംസ്ഥാന ഭിന്നശേഷി കോർപറേഷൻ മുഖേന 25000 രൂപവീതം ധനസഹായമായി നൽകുന്നത്. ഈ സാമ്പത്തികവർഷം അപേക്ഷ സമർപ്പിച്ച അർഹരായ മുഴുവൻ പേർക്കും ധനസഹായം അനുവദിച്ചിട്ടുണ്ട്.
732 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് 5000 രൂപ വീതം 36.6 ലക്ഷം രൂപ പ്രൊഫിഷ്യൻസി അവാർഡും 202 ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാർക്ക് 10.10 ലക്ഷം രൂപ ലോട്ടറി ധനസഹായവും നൽകിയതിന് പിന്നാലെയാണ് ആശ്വാസമായി 132 കുടുംബങ്ങൾക്ക് 33 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുന്നത് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
അർഹരായ ഗുണഭോക്താകളുടെ പട്ടിക www.hpwc.kerala.gov.in എന്ന സംസ്ഥാന ഭിന്നശേഷി കോർപറേഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471–2347768,9497281896 നമ്പറുകളിൽ ബന്ധപ്പെടാം.
English Summary: allots 33 lakh rupees financial aid for differently abled families
You may also like this video