അഡിറ്റീവ് മാനുഫാക്ചറിങ് (എഎം) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലിക്വിഡ് എൻജിന്റെ പരീക്ഷണം വിജയകരമെന്ന് ഐഎസ്ആര്‍ഒ. എഎം സാങ്കേതിക വിദ്യക്കനുസൃതമായി പിഎസ് 4 എന്‍ജിന്‍ രൂപമാറ്റം വരുത്തിയാണ് ഹോട്ട് ടെസ്റ്റിന് വിധേയമാക്കിയത്. 665 സെക്കന്റ് എൻജിന്‍ ജ്വലിപ്പിച്ചു. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലാണ് പരീക്ഷണം നടന്നത്.
ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ നാലാം ഘട്ടത്തിലും ഇതിന്റെ റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ ഒന്നാം ഘട്ടത്തിലും പിഎസ് 4 എഞ്ചിന്‍ ഉപയോഗിക്കുന്നുണ്ട്. ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററാണ് എഎം സാങ്കേതിക വിദ്യയില്‍ പിഎസ് 4 എഞ്ചിന്‍ രൂപമാറ്റം വരുത്തിയെടുത്തത്. നൈട്രജന്‍ ടെട്രോക്സെെഡ് ഓക്സിഡൈസറായും മോണോ മിഥൈല്‍ ഹൈഡ്രാസൈന്‍ ഇന്ധനമായും സംയോജിപ്പിച്ചാണ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
എഎം സാങ്കേതിക വിദ്യയില്‍ എന്‍ജിന് രൂപമാറ്റം വരുത്തിയതിലൂടെ നിരവധി പ്രയോജനങ്ങള്‍ ലഭിക്കും. മുമ്പ് 14 ഭാഗങ്ങളായിരുന്നത് രൂപമാറ്റം വരുത്തിയതിലൂടെ ഒന്നായി ചുരുങ്ങി. 19 വെല്‍ഡിങ് പോയിന്റുകള്‍ ഒഴിവായി. അസംസ്കൃത വസ്തുക്കളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു. അത് 60 ശതമാനം വരെ ലാഭിക്കാനായെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. പിഎസ്എല്‍വി ഉപയോഗിച്ചുള്ള എല്ലാ ദൗത്യങ്ങളിലും എഎം പിഎസ്4 എന്‍ജിന്‍ ഉപയോഗിക്കാനാണ് പദ്ധതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 3ഡി പ്രിന്റിങ് പ്രവര്‍ത്തിക്കുന്നത് അഡിറ്റീവ് സാങ്കേതികവിദ്യയിലാണ്. ആദ്യം ഒരു ലെയര്‍ ഇതിനു മുകളില്‍ അടുത്തത് എന്നിങ്ങനെ കൂട്ടിവച്ചാണു ത്രിമാനരൂപം നിര്‍മ്മിക്കുക. ഇതാണ് അഡിറ്റീവ് മാനുഫാക്ചറിങ്ങിന്റെ പ്രധാനതത്വം.
English Summary:AM technology: ISRO says test successful
You may also like this video