Site icon Janayugom Online

പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് അമരീന്ദര്‍ സിങ്

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം പ്രഖ്യാപിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി.

ബിജെപിയുടെ പഞ്ചാബ് ചുമതലക്കാരനും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിനെ ഡല്‍ഹിയിലെത്തി കണ്ട ശേഷമാണ് അമരീന്ദര്‍ സിങ് ബി.ജെ.പിയുമായുള്ള സഖ്യം പ്രഖ്യാപിച്ചത്. ഗജേന്ദ്ര സിങ് ഷെഖാവത്തും അമരീന്ദറുമായുള്ള സഖ്യത്തെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. “മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് സ്ഥാപകനുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഡല്‍ഹിയിലെ വീട്ടില്‍ സന്ദര്‍ശിച്ചു.

പഞ്ചാബിലെ ജനങ്ങളുടെ താല്‍പര്യങ്ങ ള്‍ സംരക്ഷിക്കാനാണ് അദ്ദേഹം നിലകൊള്ളുന്നത്. ഈ വിഷയത്തില്‍ അദ്ദേഹവുമായ അഭിപ്രായ വിനിമയം നടത്താന്‍ സാധിച്ചു” — ഷെഖാവത്ത് ട്വീറ്റ് ചെയ്തു. നേരത്തെ ചണ്ഡീഗഡില്‍ വെച്ചും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ ആഭ്യന്തരകലഹമാണ് മുതിര്‍ന്ന നേതാവായിരുന്ന അമരീന്ദറിന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാക്കിയത്. പാര്‍ട്ടിയിലെ എതിരാളിയായ നവ്ജ്യോത് സിങ് സിദ്ദുവായിരുന്നു അമരീന്ദറിന്റെ കസേര തെറിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

Eng­lish Sumam­ry: Amarinder Singh announces alliance with BJP in Pun­jab elections

You  may also  like this video:

Exit mobile version