Site iconSite icon Janayugom Online

ഇന്ത്യൻ വിപണിയിൽ പിടിമുറുക്കാൻ അമേരിക്കൻ ആപ്പിളെത്തുന്നു

ഇന്ത്യൻ വിപണിയിൽ പിടിമുറുക്കാൻ അമേരിക്കൻ ആപ്പിളെത്തുന്നത് രാജ്യത്തെ ആപ്പിൾ കർഷകരെ സാരമായി ബാധിക്കും. കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ 20 ശതമാനം കുറച്ചതോടെയാണ് അമേരിക്കൻ ആപ്പിളുകൾ കേരളത്തിലെ പഴ വിപണി ഉൾപ്പെടെ കീഴടക്കാനെത്തുന്നത്.
നിലവിൽ കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ആപ്പിളെത്തുന്നത്. അമേരിക്കൻ ആപ്പിളിന് ഇറക്കുമതി തീരുവ 70 ശതമാനമായിരുന്നത് 50 ശതമാനമായി കുറച്ചതോടെയാണ് അമേരിക്കൻ ആപ്പിളും കൂടുതലായി എത്താൻ പോകുന്നത്. അമേരിക്കൻ ആപ്പിളിന്റെ ഇറക്കുമതി തീരുവ 20 ശതമാനം എടുത്തുകളയാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കശ്മീരിലെയും ഹിമാചൽ പ്രദേശിലെയും കർഷകർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ കാരണം കശ്മീരിലെ ആപ്പിൾ കർഷകർ ദുരിതം അനുഭവിക്കുകയാണ്. കൂടുതലായി അമേരിക്കൻ ആപ്പിളുകൾ വിപണിയിൽ എത്തുന്നത് കൂടുതൽ തിരിച്ചടിയാകുമെന്നും കർഷകർ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ആപ്പിൾ ഉല്പാദിപ്പിക്കുന്നത് കശ്മീരിലാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വലിയ തോതിൽ ആപ്പിൾ ഉല്പാദനമുണ്ട്. 

ഇതേ സമയം രാജ്യത്ത് ഉല്പാദിപ്പിക്കുന്ന ആപ്പിളിന്റെ 30 ശതമാനത്തോളം വിൽപ്പന നടക്കുന്ന കേരളത്തിൽ അമേരിക്കൻ ആപ്പിളെത്തുന്നത് വിലക്കുറവിന് കാരണമാകുമെന്നും ഇത് ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാകുമെന്നുമാണ് കേരളത്തിലെ ആപ്പിൾ വിൽപ്പനക്കാർ വ്യക്തമാക്കുന്നത്. സെപ്തംബർ മാസത്തോടെ അമേരിക്കൻ ആപ്പിളുകൾ കൂടുതലായി വിപണിയിലെത്തുമെന്നും ഇവർ പറയുന്നു. ഇറക്കുമതി തീരുവ കൂടുതലായതുകൊണ്ട് അമേരിക്കൻ ആപ്പിളുകൾ കാര്യമായി നിലവിൽ കേരളത്തിലെ വിപണിയിലെത്തുന്നില്ല. ഉത്തരേന്ത്യൻ മാർക്കറ്റുകളിൽ നിന്ന് ചെറിയ തോതിൽ മാത്രമാണ് ഇപ്പോൾ ആപ്പിളുകൾ കേരള വിപണിയിലെത്തുന്നത്. അതുകൊണ്ട് തന്നെ ഇവയ്ക്ക് വലിയ വിലയും നൽകേണ്ട സാഹചര്യമുണ്ട്. നേരിട്ട് അമേരിക്കയിൽ നിന്ന് ആപ്പിളുകൾ ഇറക്കാൻ തുടങ്ങിയാൽ വിലയിൽ വലിയ വ്യത്യാസമുണ്ടാകുമെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു. 

നേരത്തെ വൻതോതിൽ അമേരിക്കയിൽ നിന്ന് ആപ്പിളുകൾ രാജ്യത്ത് എത്തിയിരുന്നു. എന്നാൽ ഇറക്കുമതി തീരുവ കൂട്ടിയതോടെ ആപ്പിളുകൾ എത്തുന്നത് കുറയുകയായിരുന്നു. ഇന്ത്യൻ നിർമ്മിത സ്റ്റീലിന് ഉൾപ്പെടെ അമേരിക്ക ഉയർന്ന നികുതി ഏർപ്പെടുത്തിയതോടെയാണ് അമേരിക്കൻ ആപ്പിളിന്റെ നികുതി ഇന്ത്യയും ഉയർത്തിയത്. എന്നാലിപ്പോൾ പ്രധാനമന്ത്രി നടത്തിയ അമേരിക്കൻ സന്ദർശനത്തോടെ അമേരിക്കൻ ഉല്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ കുറവ് വരുത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതനുസരിച്ച് ആപ്പിളിന് പുറമെ ചെറുപയർ, ബദാം തുടങ്ങിയ ഉല്പന്നങ്ങളും വ്യാപകമായി ഇന്ത്യൻ വിപണിയിലെത്തും.
വ്യാപാരികൾ ഈ നടപടിയെ സ്വാഗതം ചെയ്യുമ്പോൾ രാജ്യത്തെ കർഷകരുടെ നടുവൊടിക്കുന്നതാണ് തീരുമാനമെന്നാണ് കർഷകരുടെ അഭിപ്രായം. 

Eng­lish Sum­ma­ry: Amer­i­can Apple is com­ing to cap­ture the Indi­an market

You may also like this video

Exit mobile version