Site icon Janayugom Online

ആര്‍എസ്എസ്-ബിജെപി വളര്‍ച്ചയില്‍ അമേരിക്കൻ ദേശീയ താല്പര്യവും

അമേരിക്കൻ ദേശീയ താൽപ്പര്യങ്ങളുടെ വീക്ഷണത്തിൽ ബിജെപി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്ട്രീയ പാർട്ടിയാണെന്ന് വാൾസ്ട്രീറ്റ് ജേണലില്‍ ലേഖനം. ജപ്പാനോടൊപ്പം ഇന്ത്യ ഒരു മുൻനിര സാമ്പത്തിക ശക്തിയായും അമേരിക്കൻ തന്ത്രത്തിന്റെ ചുക്കാൻ പിടിക്കുന്നവരായി ഉയർന്നുവരികയാണെന്നും വിദേശകാര്യ അധ്യാപകനും കോളമിസ്റ്റുമായ വാൾട്ടർ റസ്സൽ മീഡ് എഴുതിയ ലേഖനത്തില്‍ പറയുന്നു. പരിചിതമല്ലാത്ത ഒരു രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ നിന്നാണ് ബിജെപി വളരുന്നത്. 2014ലെയും 2019ലെയും തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ബിജെപി 2024ലും ആവർത്തിച്ചേക്കാമെന്നാണ് വാൾട്ടർ റസ്സൽ മീഡിന്റെ നിരീക്ഷണം.

ബിജെപിയുടെ തെരഞ്ഞെടുപ്പ് ആധിപത്യം, ആധുനികവൽക്കരണത്തിലേക്കുള്ള ‘ഹിന്ദു പാത’ രൂപപ്പെടുത്താനുള്ളതായിരിക്കും. മുസ്‌ലിം ബ്രദർഹുഡിനെപ്പോലെ, ആധുനികതയുടെ പ്രധാന സവിശേഷതകൾ ഉൾക്കൊള്ളുമ്പോഴും പാശ്ചാത്യ ലിബറലിസത്തിന്റെ പല ആശയങ്ങളും മുൻഗണനകളും ബിജെപി നിരാകരിക്കുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെപ്പോലെ, ആഗോള സൂപ്പർ പവര്‍ എന്ന നിലയില്‍ ഒരു ബില്യണിലധികം ജനങ്ങളുള്ള രാജ്യത്തെ നയിക്കാൻ ബിജെപി ശ്രമിക്കുകയാണ്. ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഹിന്ദുത്വ സംഘടനയായ ആർഎസ്എസിന്റെ ശക്തിയെ പലരും ഭയപ്പെടുന്നുവെന്നാണ് ലേഖനം പറയുന്നത്.

ബിജെപിയുടെ സമീപകാല രാഷ്ട്രീയ വിജയങ്ങളിൽ പലതും വടക്കുകിഴക്കൻ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളിലാണ്. ഏകദേശം 200 ദശലക്ഷം ജനസംഖ്യയുള്ള ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന് ഷിയാ മുസ്ലീങ്ങളുടെ ശക്തമായ പിന്തുണയുണ്ട്. ജാതി വിവേചനത്തിനെതിരെ പോരാടാനുള്ള ശ്രമങ്ങളിൽ ‘ആർഎസ്എസ്’ പ്രവർത്തകർ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന വിലയിരുത്തലും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥുമായും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായും കൂടിക്കാഴ്ചയെ അനുസ്മരിച്ച് മീഡ് എഴുതുന്നു. ബിജെപി-ആര്‍എസ്എസിലെ ഏറ്റവും തീവ്രമായ ശബ്ദവും ഒരുപക്ഷെ പ്രധാനമന്ത്രി മോഡിയുടെ പിൻഗാമിയും ആണെന്ന് ആദിത്യനാഥിനെ ലേഖനം പ്രശംസിക്കുന്നുണ്ട്.

എന്നാല്‍ മതന്യൂനപക്ഷങ്ങൾ വിവേചനപരമായോ പൗരാവകാശങ്ങളിലോ നഷ്ടം അനുഭവിക്കുന്നുണ്ടെന്ന ആശങ്ക ആദിത്യനാഥ് നിരസിച്ചതായാണ് മീഡ് എഴുതിയിരിക്കുന്നത്. ബിജെപിയുമായും ആർഎസ്എസുമായും ഇടപഴകാനുള്ള ക്ഷണം അമേരിക്കക്കാർക്ക് തള്ളിക്കളയാൻ കഴിയാത്ത ഒന്നാണെന്നും ലേഖനം പറയുന്നു. ചൈനയുമായുള്ള പിരിമുറുക്കം ഉയരുമ്പോൾ, സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു പങ്കാളിയായി അമേരിക്കയ്ക്ക് ഇന്ത്യയെ ആവശ്യമുണ്ടെന്നും വാൾട്ടർ റസ്സൽ മീഡ് എഴുതുന്നു.

 

Eng­lish Sam­mury: Arti­cle in Wall Street Jour­nal on Amer­i­can nation­al inter­est in RSS and BJP growth

 

Exit mobile version