Site iconSite icon Janayugom Online

അമേരിക്കയിൽ താമസിക്കുന്നയാളുടെ തിരുവനന്തപുരത്തെ വീട് ഉടമയറിയാതെ മറിച്ചുവിറ്റു; ഒരാൾ കൂടി പിടിയിൽ

അമേരിക്കയിൽ താമസിക്കുന്നയാളുടെ തിരുവനന്തപുരത്തെ വീട് ഉടമയറിയാതെ മറിച്ചുവിറ്റ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. അമേരിക്കയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിന്റെ വസ്തുവും വീടുമാണ് മെറിൻ ജേക്കബ് എന്നയാൾക്ക് ഉടമയറിയാതെ എഴുതിക്കൊടുക്കുകയും പിന്നാലെ ചന്ദ്രസേനൻ എന്നയാൾക്ക് മറിച്ചുവിൽക്കുകയും ചെയ്തത്. തട്ടിപ്പിന്റെ പ്രധാന സൂത്രധാരൻ വെണ്ടർ അനന്തപുരി മണികണ്ഠന്റെ അനുജനായ ആറ്റുകാൽ പുത്തൻകോട്ട സ്വദേശി മഹേഷാണ് പിടിയിലായത്. വ്യാജമായുണ്ടാക്കിയ ആധാരം ജനറേറ്റ് ചെയ്‌തിരിക്കുന്നതും ആധാരമെഴുത്തുകാരനായ മഹേഷിന്റെ ലൈസൻസ് നമ്പർ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മ്യൂസിയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഡോറയുടെ വളര്‍ത്തു മകളെന്ന വ്യാജേന മെറിന്റെ പേരില്‍ ജനുവരിയിൽ വസ്തു രജിസ്റ്റര്‍ ചെയ്തായിരുന്നു തട്ടിപ്പ്. വസ്തുവിന്റെ മേല്‍നോട്ടത്തിനു ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയര്‍ടേക്കര്‍ കരം അടക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പിന്നാലെയാണ് പരാതി നൽകിയത്. സംഭവത്തില്‍ പുനലൂർ അലയമണ്‍ പഞ്ചായത്തില്‍ മണക്കാട് പുതുപ്പറമ്പിൽ വീട്ടില്‍ മെറിൻ ജേക്കബ് (27), വട്ടപ്പാറ മരുതൂർ ചീനിവിള പാലയ്ക്കാടു വീട്ടില്‍ വസന്ത (76) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. വൻ തട്ടിപ്പ് സംഘം പിന്നിലുണ്ടെന്ന് മ്യൂസിയം പൊലീസ് കണ്ടെത്തി. ഇവർ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്.

Exit mobile version