രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന നിർദേശവുമായി ഐസിഎംആർ. ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐസിഎംആർ പുറത്തുവിട്ടു. മറ്റെന്തെങ്കിലും വൈറൽബാധയുള്ള രോഗികളിൽ കോവിഡ് ഗുരുതരമായേക്കാം. അതിനാൽ, പ്രത്യേക ജാഗ്രത പുലർത്തണം. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, അഞ്ചുദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി, ചുമ എന്നിവ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണം.
പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. കഴിഞ്ഞയാഴ്ച മുതൽ രാജ്യത്ത് കോവിഡ് വർധിക്കുന്നുണ്ട്. കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രാലയം കത്തെഴുതിയിരുന്നു. പനിയും ചുമയും ശ്വാസകോശ രോഗങ്ങളും പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നേരത്തേ സമാന നിർദേശവുമായി എത്തിയിരുന്നു. പനിക്കും മറ്റു വൈറൽ രോഗങ്ങൾക്കും ആന്റിബയോട്ടിക് നിർദേശിക്കുന്ന രീതി ഒഴിവാക്കണമെന്നും അത്തരം രോഗങ്ങൾക്ക് ലക്ഷണാനുസൃത ചികിത്സയാണ് നൽകേണ്ടതെന്നുമാണ് ഐഎംഎ വ്യക്തമാക്കിയത്.
പലരും കൃത്യമായ ഡോസോ അളവോ ഇല്ലാതെയാണ് ആന്റിബയോട്ടിക് ഉപയോഗിക്കുന്നത്. ലക്ഷണങ്ങൾ ഭേദപ്പെടുമ്പോൾ തന്നെ അവ നിർത്തുകയും ചെയ്യുന്നു. ഈ ശീലം അവസാനിപ്പിച്ചില്ലെങ്കിൽ ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും യഥാർത്ഥത്തിൽ ആന്റിബയോട്ടിക് എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ അവ ഫലിക്കാതെ വരുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഡയേറിയ കേസുകളിൽ 70 ശതമാനവും വൈറലാണ്. അവയ്ക്ക് ആന്റിബയോട്ടിക് കഴിക്കേണ്ട കാര്യമില്ല. പക്ഷേ അത്തരം സാഹചര്യത്തിലും ഡോക്ടർമാർ ആന്റിബയോട്ടിക് നിർദേശിക്കുന്നുണ്ടെന്നും അമോക്സിലിൻ, അമോക്സിക്ലാവ്, നോർഫ്ലൊക്സാസിൻ, സിപ്രോഫ്ളോക്സാസിൻ, ലെവോഫ്ളൊക്സാസിൻ തുടങ്ങിയവയാണ് കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന ആന്റിബയോട്ടിക്കുകൾ എന്നും ഐഎംഎ വ്യക്തമാക്കിയിരുന്നു. അണുബാധ ബാക്ടീരിയൽ ആണോ അല്ലയോ എന്ന് ഉറപ്പായതിനുശേഷം മാത്രമേ ആന്റിബയോട്ടിക് നിർദേശിക്കാവൂ എന്നും ഐഎംഎ പറയുന്നു.
English Summary : Amid Covid surge, ICMR cautions on antibiotic use
You may also like this video