Site iconSite icon Janayugom Online

കേരളാ ബാങ്ക് തകര്‍ക്കാന്‍ കച്ചമുറുക്കി അമിത്ഷാ

കേരളത്തിലെ ജനങ്ങളുടെ ദെെനംദിന ജീവിതത്തിന്റെ ഭാഗമായ സഹകരണ മേഖലയെയും കേരളാ ബാങ്കിനെയും തകര്‍ക്കാന്‍ കേന്ദ്രത്തിന്റെ ബാങ്കിങ് അധിനിവേശം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഗൂഢാലോചനയുടെ ഭാഗമായി ഇതിനുവേണ്ടി നാഷണല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് കോര്‍പറേഷന്‍ തട്ടിക്കൂട്ടി. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം കോര്‍പറേഷന്‍ ചെയര്‍മാന്‍ ജ്യോതീന്ദ്ര മേത്തയുടെ അധ്യക്ഷതയില്‍ സഹകരണ മന്ത്രി കൂടിയായ അമിത്ഷാ നിര്‍വഹിച്ചു. കേരളാ ബാങ്ക് ധ്വംസനം ലക്ഷ്യമിട്ടുള്ള ഈ നീക്കത്തെ ചെറുത്തുകൊണ്ട് സംസ്ഥാനം കത്തെഴുതിയെങ്കിലും കേന്ദ്രം ഇതൊന്നും ചെവിക്കൊണ്ടിട്ടില്ല. പകരം സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും ഇത്തരം അര്‍ബന്‍ ബാങ്ക് ശാഖകള്‍ സ്ഥാപിക്കാനാണ് തീരുമാനം. നഗരങ്ങളില്‍ ഇത്തരം മൂന്നോ നാലോ ബാങ്കുകളുണ്ടാവും. സഹകരണബാങ്കുകളും കാര്‍ഷിക വികസന ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും വാണിജ്യ ബാങ്കുകളുമുള്‍പ്പെടെ സംസ്ഥാനത്തെ ബാങ്കിങ് സംവിധാനം അതിപൂരിതാവസ്ഥയിലാണ്. അ­തിനിടയിലേക്കാണ് കേന്ദ്രത്തിന്റെ അര്‍ബന്‍ ബാങ്ക് അധിനിവേശനീക്കം.

സഹകരണമേഖല സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലായിരിക്കണമെന്ന സു­പ്രീം കോടതി ഉത്തരവ് മറികടക്കാന്‍ വേണ്ടി അന്തര്‍ സംസ്ഥാന കേന്ദ്ര അര്‍ബന്‍ ബാങ്കുകള്‍ക്കായി രണ്ടാം മോഡി സര്‍ക്കാര്‍ നിയമഭേദഗതി വരുത്തിയിട്ടുമുണ്ട്. കേന്ദ്രത്തിന്റെ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് എടിഎം അടക്കമുള്ള സൗകര്യങ്ങളുമുണ്ടായിരിക്കും. ഈ കേന്ദ്രബാങ്കുകള്‍ വായ്പാവിതരണം, നിക്ഷേപക പലിശ നിര്‍ണയം എന്നിവയിലും നിയന്ത്രണം ഏറ്റെടുക്കും. ഇതുവഴി സഹകരണ ബാങ്കുകളെ നോക്കുകുത്തിയാക്കാനാണ് പദ്ധതി. കേരളാ ബാങ്കിന്റെ കീഴിലുള്ള സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ മൊത്തം നിക്ഷേപമായ 1.27 ലക്ഷം കോടിയില്‍ കണ്ണുവച്ചാണ് കേന്ദ്ര നിയന്ത്രണങ്ങളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളാ ബാങ്കിന് മാത്രം സംസ്ഥാനത്ത് 769 ശാഖകളാണുള്ളത്. 

14 ജില്ലാ സഹകരണ ബാങ്കുകള്‍, 1625 പ്രാഥമിക സഹകരണ ബാങ്കുകളും അവയുടെ 2,700 ശാഖകളും, 60 സംസ്ഥാന അര്‍ബന്‍ സഹകരണ ബാങ്കുകള്‍ അവയുടെ 390 ശാഖകള്‍ എന്നിവയടങ്ങുന്ന വിപുലമായ സംവിധാനമാണ് കേരളാ ബാങ്കിനുള്ളത്. നബാഡും റിസര്‍വ് ബാങ്കും ചേര്‍ന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കിങ് പ്രസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നതിനിടെ കേന്ദ്രത്തിന്റെ അര്‍ബന്‍ ബാങ്കുകളെക്കൊണ്ട് കേരളാ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കത്തക്കവിധമാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഉയര്‍ന്ന പലിശയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിലൂടെ സംസ്ഥാനത്തെ സഹകരണ ബാങ്കിങ് സംവിധാനത്തെ തകര്‍ക്കാനുള്ള ബഹുമുഖ തന്ത്രവും ആവിഷ്കരിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം അര്‍ബന്‍ ബാങ്ക് ശാഖകള്‍ ഉണ്ടാകുമെന്നാണ് കേന്ദ്രം പറയുന്നതെങ്കിലും സഹകരണപ്രസ്ഥാനം അതിശക്തമായ കേരളത്തിലായിരിക്കും അധിനിവേശം കനത്ത ആഘാതങ്ങളുണ്ടാക്കുക.

Eng­lish Summary:AmitShah is deter­mined to break Ker­ala Bank
You may also like this video

Exit mobile version