കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. ലോക്‌സഭ സമ്മേളിച്ചയുടന്‍ അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ ഉച്ചകഴിഞ്ഞ് രണ്ടുവരെ നിര്‍ത്തിവച്ചു. പിന്നീട് സമ്മേളിച്ച സഭയില്‍ മേശപ്പുറത്തു വയ്ക്കാനുള്ള രേഖകള്‍ പ്രതിപക്ഷ എതിര്‍പ്പിനിടയിലും അവതരിപ്പിച്ച് ലോക്‌സഭ ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്.
രാജ്യസഭയിലും സമാന രംഗങ്ങളാണ് അരങ്ങേറിയത്. അമിത് ഷാ മാപ്പു പറയുക, രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം രംഗത്തെത്തി. തുടര്‍ന്ന് സഭ ആദ്യം രണ്ടുവരെ നിര്‍ത്തിവച്ചു. പിന്നീട് സമ്മേളിച്ച സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖര്‍ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് അറിയിച്ചു.
രാജ്യസഭയില്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. പ്രതിപക്ഷം അംബേദ്കര്‍, അംബേദ്കര്‍ എന്ന് ആവര്‍ത്തിച്ച് ഉരുവിടുന്നതിനു പകരം ദൈവത്തിന്റ പേരുച്ചരിച്ചിരുന്നെങ്കില്‍ സ്വര്‍ഗത്തില്‍ എത്താമായിരുന്നെന്ന പരാമര്‍ശമാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ അംബേദ്കറുടെ ചിത്രവും വഹിച്ച് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ നടപടികള്‍ ആരംഭിക്കും മുന്നേ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
അതേസമയം തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് വിവാദമാക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നാളെ അവസാനിക്കാനിരിക്കെയാണ് ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ അതിരൂക്ഷമായ ഏറ്റുമുട്ടല്‍ എന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നാല്‍ ഒരുപക്ഷെ ശൈത്യകാല സമ്മേളനം ഇന്ന് അവസാനിപ്പിച്ച് സഭ അനിശ്ചിത കാലത്തേക്ക് പിരിയാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.