ഹേമ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന് അമ്മ. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ലെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 10 വർഷം മുമ്പ് ഒരു ഹൈ പവർ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. ഓരോ സംഘടനയിലെ രണ്ടുപേരെ വെച്ചാണ് അത് രൂപവത്കരിച്ചത്. പ്രശ്നങ്ങൾ പൊതുവായി കേൾക്കാനും പരിഹരിക്കാനുമാണ് അതുണ്ടാക്കിയത്. അതത് കാലത്തെ ഭാരവാഹികളാണ് ഹൈപവർ കമ്മിറ്റിയിലുണ്ടാവുക. അതിപ്പോൾ നിലവിലില്ല. ഇതിനെ ഉദ്ദേശിച്ചാണോ പവർ ഗ്രൂപ്പ് എന്ന് പറയുന്നത് എന്നറിയില്ല. ഒരു പവർ ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ നിന്ന് അമ്മ ഒളിച്ചോടിയിട്ടില്ലെന്നും ഷോയുടെ തിരക്കുമൂലമാണ് പ്രതികരിക്കാന്‍ വൈകിയതെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു . കുറ്റാരോപിതര്‍ക്കെതിരെ പൊലീസ് കേസെടുക്കണം.
ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ അടച്ചാക്ഷേപിക്കരുത്. റിപ്പോർട്ട് പുറത്തുവിടുന്നതിനെ ഞങ്ങൾ എതിർത്തിട്ടില്ല, സ്വാഗതം ചെയ്യുകയാണ് ചെയ്തത്. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. റിപ്പോർട്ട് ‘അമ്മ’ക്കെതിരല്ല. ‘അമ്മ’യെ അതിൽ പ്രതിസ്ഥാനത്ത് നിർത്തിയിട്ടില്ല. സിനിമ രംഗത്തുള്ള വനിതകളുടെ ബുദ്ധിമുട്ടുകൾ പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചത്. സുരക്ഷിതമായി ഈ തൊഴിലെടുക്കണമെന്നത് ഞങ്ങളുടെ അംഗങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു .
മാധ്യമങ്ങൾ ഞങ്ങളെ പ്രതിസ്ഥാനത്ത് നിർത്തുന്നതിൽ ദു:ഖമുണ്ട്. റിപ്പോർട്ടിലെ പല നിർദേശങ്ങളും ഞങ്ങൾക്ക് തന്നെയാണ് ഗുണകരമാകുന്നത്. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പ്രതിളെ ശിക്ഷിക്കണം. പ്രതിസ്ഥാനത്തുള്ളവരെ സംരക്ഷിക്കില്ല. മലയാള സിനിമ ഇൻഡസ്ട്രി വളരെ മോശമാണെന്ന രീതിയിലുള്ള റിപ്പോർട്ടിലെ വാചകങ്ങളോട് മാത്രമാണ് വിയോജിപ്പെന്നും അദ്ദേഹം പറഞ്ഞു . ഭാരവാഹികളായ ജയൻ ചേർത്തല, ജോമോൾ, അനന്യ, വിനു മോഹൻ തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.