ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് മഹാകവി കുമാരനാശാൻ കർണാടകത്തിലെ ഷിമോഗ ജില്ലയിലുള്ള ജോഗ്‌ഫാൾസ് കാണാൻ കാളവണ്ടിയിൽ പോയത്. ഡോ. പൽപ്പുവുമായുള്ള ആശാന്റെ മൈസൂർ സഹവാസകാലത്തെ അവിസ്മരണീയമായ അനുഭവമായിരുന്നു അത്. ശതാവരി നദിയിൽ ലിംഗനമക്കി അണക്കെട്ടുണ്ടാകുന്നതിന് മുപ്പതിലേറെ വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. അണകെട്ടിയതിനെ തുടർന്ന് വെള്ളച്ചാട്ടം ഇന്നു കാണുന്നതുപോലെ മെലിഞ്ഞു അനാകർഷകമായി. ആശാൻ കാണുമ്പോൾ ഈ ജലസുന്ദരി വാസവദത്തയുടെ ശരീരഭംഗിയെ ഓർമ്മിപ്പിക്കത്തക്ക രീതിയിൽ അത്യാകർഷകം ആയിരുന്നു. അന്നാണ് മഹാകവി, ഗരിസപ്പ അരുവി അല്ലെങ്കിൽ ഒരു വനയാത്ര എന്ന കവിതയെഴുതിയത്. രണ്ടു തവണ എഴുതിയിട്ടും പൂർത്തിയാക്കാൻ കഴിയാതെപോയ കവിത അതുകൊണ്ടുതന്നെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എത്തിയില്ല. അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട വനമാലയിലാണ് ഈ കവിതയുള്ളത്. ഇതേ പേരിൽ സമീപകാലത്ത് ഷിനിലാലെഴുതിയ കഥ മഹാകവിയുടെ ജീവിതത്തിലെ മറ്റ് ചില എപ്പിസോഡുകളിലേക്കും സഞ്ചരിച്ചു. നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറയ്ക്കും വേങ്കോടിനും ഇടയ്ക്കുള്ള അമ്മാമ്പാറ അന്വേഷിച്ച് അധ്യാപകരും വിദ്യാർത്ഥികളും എത്തിയത് അങ്ങനെയാണ്. ഉച്ചിയിൽ കയറി നിന്നാൽ അറബിക്കടൽ കാണാവുന്ന മനോഹര മഹാശില. അതിന്റെ പൂത്തുനിൽക്കുന്ന കാനനത്താഴ്‌വരയിൽ മഹാകവിക്ക് പതിനാലേക്കർ പുരയിടവും രണ്ടുമുറിയുള്ള ഒരു വീടുമുണ്ടായിരുന്നു. സമീപവാസിയും കവിയും ജ്ഞാനിയുമായ പെരുന്നെല്ലി കൃഷ്ണൻ വൈദ്യരെ കാണാനും ദീർഘസംഭാഷണങ്ങൾ നടത്താനും ശിലാകാവ്യത്തിന്റെ മനോഹാരിത നുണയാനുമായി മഹാകവി ഈ വീട്ടിൽ പലവട്ടം കുടുംബസമേതം വന്നു താമസിച്ചിട്ടുണ്ട്. ആശാന്റെ ചില സമസ്യാപൂരണങ്ങളിലും സൂര്യാസ്തമയ വർണനകളിലും തോട്ടത്തിലെ എട്ടുകാലിയെന്ന കവിതയിലും അമ്മാമ്പാറയുടെ ലാവണ്യരേഖകളുണ്ട്. വിദ്യാർത്ഥികൾ അമ്മാമ്പാറയിലെത്തിയപ്പോൾ ഇതൊന്നുമല്ല കണ്ടത്. ആശാന്റെ വീടൊക്കെ വിറ്റ് പണ്ടേ കൈമാറിപ്പോയിട്ടുണ്ട്. അവിടെ ഒരു മെഡിക്കൽ കോളജ് ആശുപത്രിയുടെ ബഹുനിലക്കെട്ടിടം ആകാശത്തെ ചുംബിച്ചുനിൽക്കുന്നു. ആശാൻ നടന്ന ഒറ്റയടിപ്പാത കാലക്രമേണ വീതിയുള്ള റോഡായി. പക്ഷേ അത് ആശുപത്രിക്കുള്ളിലൂടെയായി! ആയിഷ, പിതാവിന്റെ കടനിന്നേടത്തൊരോയിൽ മില്ലഹങ്കരിച്ചലറുന്നതു കണ്ടു എന്നു വയലാറെഴുതിയത് അപ്പോൾ കുട്ടികൾ ഓർമ്മിച്ചിട്ടുണ്ടാകും. സർവസംഗപരിത്യാഗികൾ ആയിരിക്കേണ്ട ഋഷിമാരെ സൃഷ്ടിക്കുന്നതിനു പകരം വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ കൊളളലാഭം ലക്ഷ്യമാക്കി കൃഷിയിറക്കുന്ന മഠങ്ങൾ ഇക്കാലത്ത് സുലഭമാണല്ലോ. അങ്ങനെയുള്ളവരുടെ കയ്യിലാണ് ഇപ്പോൾ ആ പ്രദേശം! എല്ലാവരും ഉറങ്ങിക്കിടന്നപ്പോൾ കയ്യേറ്റക്കാർ, മരങ്ങൾ മുറിച്ചുകടത്തി. മാവുകളും പ്ലാവുകളും നിറഞ്ഞുനിന്ന പാറയുടെ സമീപം അക്കേഷ്യയും ശീമക്കൊന്നയും കൈ വിടർത്തി. ഒരിയ്ക്കലും ഒഴിയാത്ത ജലനിക്ഷേപങ്ങൾ വറ്റിത്തുടങ്ങി. നിസ്സഹായരായ നെടുമങ്ങാട് നഗരസഭ ഉടമസ്ഥാവകാശം പാറച്ചോട്ടിൽ രേഖപ്പെടുത്തിവച്ചു. ശ്രദ്ധിക്കാതിരുന്നാൽ ആ സ്മാരകമഹാശില മെറ്റൽക്കഷ്ണങ്ങളായി സിമന്റ് കൂടാരങ്ങളിലോ കീലറകളിലോ മറയ്ക്കപ്പെടും. ഇപ്പോഴവിടെ മഹാകവി കുമാരനാശാന്റെ ഓർമ്മയ്ക്കായി ഒരു സാംസ്കാരിക വേദിയും അമ്മാമ്പാറ സംരക്ഷണസമിതിയും രൂപീകൃതമായിട്ടുണ്ട്. എസ് എസ് ബിജു, നാഗപ്പൻ, വേങ്കോട് മധു, ഡോ. ബി ബാലചന്ദ്രൻ, അനിൽ വേങ്കോട്, ജി എസ് ജയചന്ദ്രൻ, ഷിനിലാൽ, ഇരിഞ്ചയം രവി തുടങ്ങിയവരുടെ ഉത്സാഹത്തിലാണ് ഈ പരിശ്രമങ്ങൾ ഉണ്ടായിട്ടുള്ളത്. അമ്മാമ്പാറ എന്ന പൈതൃകസമ്പത്ത് സംരക്ഷിക്കുക, മഹാകവി കുമാരനാശാന്റെ ഓര്‍മ്മ നിലനിർത്തുന്ന വിധത്തിൽ അമ്മാമ്പാറ ഒരു സാംസ്കാരിക കേന്ദ്രമാക്കി മാറ്റുക, അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പാറയുടെ പരിസരം സംരക്ഷിത മേഖലയാക്കുക, പരിസരത്തുള്ള പ്രാചീന സമൂഹത്തിന്റെ, അമ്മാമ്പാറയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുക, കയ്യേറ്റത്തിനു കൂട്ടുനിന്ന റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ അവിടെയുള്ള സാംസ്കാരിക പ്രവർത്തകർ മുന്നോട്ടുവയ്ക്കുന്നു. അതിരപ്പിള്ളി വനമേഖല സംരക്ഷിക്കുവാനുള്ള സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു നമ്മുടെ ആദരണീയനായ റവന്യു വകുപ്പുമന്ത്രി. അദ്ദേഹത്തിന്റെ ശ്രദ്ധ അമ്മാമ്പാറയുടെ കാര്യത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.