അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കണ്ണൂർ സ്വദേശിയായ 13കാരിയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. അപൂർവ ഇനം അമീബയുടെ സാന്നിധ്യമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഗേഷിന്റേയും മകൾ ദക്ഷിണയാണ് മരിച്ചത്.
തലവേദനയും ഛർദ്ദിയും ബാധിച്ച് കണ്ണൂർ തോട്ടടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദക്ഷിണയെ പിന്നീട് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
നട്ടെല്ലിൽ നിന്നുള്ള നീരിന്റെ പരിശോധനയിൽ അമീബിക് ട്രോഫോ സോയിഡ്സ് കാണപ്പെടുകയും അമീബിക് മെനിൻഞ്ചോ എൻസെഫലൈറ്റസിന് ഉള്ള ആറ് മരുന്നുകൾ നൽകുകയും ചെയ്തു. എന്നാൽ രോഗബാധയ്ക്ക് കുറവുണ്ടായില്ല. അമീബിക് രോഗാണു ഏതെന്ന് കണ്ടെത്താനുളള ശ്രമം നടത്തുന്നതിനിടയ്ക്ക് ഈ മാസം 12നാണ് കുട്ടി മരിച്ചത്.
വെർമമീബ വെർമിഫോമിസ് എന്ന അപൂർവ അമീബയുടെ സാന്നിധ്യമാണ് പരിശോധനയിൽ കണ്ടെത്തിയതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
സ്കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജനുവരി 28നായിരുന്നു കുട്ടി മൂന്നാറിലേക്ക് യാത്ര പോയത്. മേയ് എട്ടിനാണ് രോഗലക്ഷണം കണ്ടെത്തിയത്.
English Summary: Amoebic encephalitis: 13-year-old girl dies
You may also like this video