Site iconSite icon Janayugom Online

അമ്പലമുക്ക് വിനീത കൊ ലക്കേസ്: ശിക്ഷാവിധി ഈ മാസം 24ന്

അമ്പലമുക്ക് വിനീത കൊലക്കേസിൽ ശിക്ഷാവിധി ഈ മാസം 24ന്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കോടതിയിൽ പൂർത്തിയായി. പ്രതി കൊടും കുറ്റവാളി ആയതിനാൽ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തെറ്റ് ചെയ്യാത്തതിനാൽ പശ്ചാത്താപം ഇല്ലെന്ന് പ്രതി രാജേന്ദ്രൻ കോടതിയിൽ പറഞ്ഞു.

തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന അവസാന വട്ട വാദത്തിൽ പ്രതി രാജേന്ദ്രൻ കൊടും കുറ്റവാളിയെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ പറഞ്ഞു. നിരപരാധികളെ ദാരുണമായ അന്ത്യത്തിൽ നിന്ന് രക്ഷിക്കാനുള്ള ഏക മാർഗം പ്രതി രാജേന്ദ്രന് വധശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കവർച്ചക്കായി തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ പ്രതി കൊലപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ പ്രതിയുടെ പ്രവൃത്തി അതിക്രൂരവും, പൈശാചികവും സമൂഹത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ താൻ കുറ്റം ചെയ്യാത്തതിനാൽ പശ്ചാത്താപം ഇല്ലെന്ന് പ്രതി രാജേന്ദ്രൻ കോടതിയോട് പറഞ്ഞു. ഉയർന്ന കോടതിയിൽ താൻ നിരപരാധിയാണെന്ന് തെളിയുമെന്നും പ്രതി പറഞ്ഞു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയാക്കിയാണ് കേസ് വിധി പറയാനായി ഈ മാസം 24 ലേക്ക് കോടതി മാറ്റിയത്. 2022 ഫെബ്രുവരി ആറിനാണ് വിനീതയെ കുത്തി കൊലപ്പെടുത്തിയത്. വിനീതിയുടെ നാലരപ്പവൻ മാല കവരുന്നതിനായിരുന്നു പ്രതി വിനീതയെ കൊലപ്പെടുത്തിയത്.

Exit mobile version