Site icon Janayugom Online

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സമാശ്വാസമായി 5000 രൂപ കൂടി അനുവദിക്കും

കോവിഡ് ബാധിച്ച് മരണമടയുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരണമടഞ്ഞ വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് ഇത് ലഭിക്കുക. പ്രതിമാസം 5,000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതല്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് ഇത് നല്‍കുക. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വഹിക്കാനും തീരുമാനിച്ചു.

സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല. വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണമടയുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും. ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചയിക്കുമ്പോള്‍ മരണമടഞ്ഞ വ്യക്തിയുടെ വരുമാനം ഒഴിവാക്കും.

ഒറ്റ പേജില്‍ ലളിതമായ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആശ്രിതര്‍ക്കു കഴിയണം. ഇതിനാവശ്യമായ തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും റവന്യു അധികാരികളെയും ചുമതലപ്പെടുത്തും. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നല്‍കണം. ആശ്രിത കുടുംബത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ ഉറപ്പുവരുത്തണം. അപേക്ഷ തീര്‍പ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസില്‍ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുത്.

 

Eng­lish Sum­ma­ry: An addi­tion­al Rs 5,000 will be pro­vid­ed as relief to the depen­dent BPL fam­i­lies of those who died due to Covid

 

You may like this video also

Exit mobile version