Site iconSite icon Janayugom Online

പള്ളി വികാരിയെ വാഹനം ഇടിപ്പിക്കാന്‍ ശ്രമം; 21 പ്രതികള്‍ അറസ്റ്റില്‍

arrestarrest

പള്ളിമുറ്റത്ത് കയറിയ വാഹനം തട്ടി പള്ളി അസിസ്റ്റന്റ് വികാരിക്ക് പരിക്ക് പറ്റിയ കേസിൽ 21 സ്കൂൾ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റു ചെയ്തു. പൂഞ്ഞാർ സെന്റ് മേരിസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. തോമസ് ആറ്റുച്ചാലിലിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പകൽ 12.30 നാണ് സംഭവം. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. സ്കൂളിൽ നടത്തിയ ചായസൽക്കാരത്തിന് ശേഷം കൂട്ടത്തോടെ കറങ്ങാനിറങ്ങിയതാണ് ഇവർ. സംഘത്തിൽ പ്രായപൂർത്തി ആകാത്തവരും ഉണ്ട്. പള്ളിമുറ്റത്ത് കാറില്‍ അഭ്യാസപ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളോട് അസിസ്റ്റന്റ് വികാരി പുറത്തുപോകുവാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അസിസ്റ്റന്റ് വികാരിയാണെന്ന് തിരിച്ചറിയാത്ത വിദ്യാര്‍ത്ഥികള്‍ തട്ടിക്കയറുകയും വൈദികൻ ഗേറ്റ് അടക്കുവാൻ ശ്രമിക്കുന്നതിനിടെ ആദ്യമെത്തിയ ബൈക്ക് വൈദികന്റെ കൈയിൽ തട്ടുകയുമായിരുന്നു. പിന്നാലെയെത്തിയ കാർ വൈദികന്റെ ദേഹത്ത് ഇടിച്ചതിനെ തുടർന്നുണ്ടായ വീഴ്ചയില്‍ വൈദികന്റെ കൈയ്ക്ക് പരിക്കേറ്റു. 

സംഭവത്തെ തുടര്‍ന്ന് വൈദികരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം പള്ളിമുറ്റത്ത് അവസാനിച്ചു. പ്രതിഷേധ യോഗത്തിൽ വികാരി ഫാ. മാത്യു കടുക്കകുന്നേൽ, ഡോ. ജോർജ് വർഗീസ്, ഫാ. ജോയി നിരപ്പേൽ എന്നിവർ സംസാരിച്ചു. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പള്ളിയിലെത്തി വികാരിയുമായി കൂടിക്കാഴ്ച നടത്തി. പാലാ ഡിവൈഎസ്‍പി പി കെ സദൻ, ഈരാറ്റുപേട്ട എസ്എച്ച്ഒ പി എസ് സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പള്ളിയിലെത്തി അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന 5 കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയിലെ നിരീക്ഷണ കാമറകൾ പ്രവർത്തിച്ചിരുന്നില്ല. സംഭവത്തെ തുടർന്ന് പൂഞ്ഞാർ ഈരാറ്റുപേട്ട റോഡിൽ ഗതാഗതം മണിക്കുറോളം സ്തംഭിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ആന്റോ ആന്റണി എംപി, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഇടവക ജനങ്ങൾ മുഴുവൻ ഉൾപ്പെട്ട അടിയന്തര യോഗം പള്ളിയിൽ ചേരുന്നുണ്ട്. തുടർന്ന് സ്വീകരിക്കേണ്ട സുരക്ഷ നടപടികള്‍ യോഗം ചർച്ച ചെയ്യും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

പള്ളിയിലുണ്ടായ അനിഷ്ട സംഭവത്തിനെതിരെ നഗരസഭാ കൗൺസിൽ ഹാളിൽ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയില്‍ സർവകക്ഷിയോഗം ചേർന്ന് സംഭവത്തെ ശക്തമായി അപലപിച്ചു. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും യോഗം ഉറപ്പ് നൽകി. അരുവിത്തറ ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, നൈനാർ പള്ളി ഇമാം അഷറഫ് മൗലവി അൽ കൗസരി, അങ്കാളമ്മൻ കോവിൽ കാര്യദർശി ശശികുമാർ, നഗരസഭാ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, നൈനാർ പള്ളി ഭാരവാഹികളായ പി ഇ മുഹമ്മദ് സക്കീർ, അഫ്സാർ പുള്ളാലി, സാലിഹ് നടുവിലേടത്ത്, കൗൺസിലര്‍മാരായ ഫൈസൽ പി. ആർ.എഫ്, അനസ് പാറയിൽ, നാസർ വെള്ളുപ്പറമ്പിൽ, ഡോ. സഹല ഫിർദൗസ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ നിഷാദ് നടയ്ക്കൽ, ജയിംസ്, റഫീഖ് പട്ടരുപറമ്പിൽ, യൂസഫ് ഹിബ തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: An attempt to run down the vic­ar of the church; 21 accused arrested

You may also like this video

Exit mobile version