Site iconSite icon Janayugom Online

വയോധികയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാല പൊട്ടിക്കാൻ ശ്രമം; പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ വയോധികയുടെ കഴുത്തിൽ കത്തിവെച്ച് മാല കവരാൻ ശ്രമിച്ച പ്രതിയെ അമ്പലപ്പുഴ പോലീസ് അതിവേഗം പിടികൂടി. അമ്പലപ്പുഴ വടക്ക് വില്ലേജിൽ വെണ്ണലപറമ്പ് വീട്ടിൽ പദ്മകുമാർ (പപ്പൻ — 39) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 6: 50 ഓടെ അമ്പലപ്പുഴ കച്ചേരിമുക്കിന് സമീപമായിരുന്നു സംഭവം.  ഇരട്ടകുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന കോമന മുറിയിൽ ശിവനന്ദനം വീട്ടിൽ മഹിളാമണി (75) എന്ന വയോധികയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ശ്രീപാദം ഹോസ്പിറ്റലിന് സമീപം വെച്ച് പ്രതി ഇവരെ തടഞ്ഞുനിർത്തുകയും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഒന്നേകാൽ പവന്റെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.

ഭയന്നുപോയ മഹിളാമണി ബഹളം വെച്ചതോടെ പരിസരവാസികൾ ഓടിക്കൂടി. പിടിയിലാകുമെന്ന് ഉറപ്പായതോടെ പ്രതി സ്വർണ്ണമാല ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പരാതി ലഭിച്ച ഉടൻ തന്നെ അമ്പലപ്പുഴ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ പദ്മകുമാർ നേരത്തെയും നിരവധി മോഷണക്കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version