Site iconSite icon Janayugom Online

എട്ട് വയസുകാരിയുടെ തൊണ്ടയിൽ ചൂയിംഗം കുടുങ്ങി, യുവാക്കളുടെ സമയോചിതമായ ഇടപെടലിൽ വലിയ ദുരന്തം ഒഴിവായി

എട്ട് വയസുകാരിയുടെ തൊണ്ടയിൽ ചൂയിംഗം കുടുങ്ങിയപ്പോൾ യുവാക്കളുടെ സമയോചിതമായ ഇടപെടലിൽ വലിയ ദുരന്തം ഒഴിവായി. കണ്ണൂർ പഴയങ്ങാടിയിൽ ആയിരുന്നു സംഭവം. ച്യൂയിങ് ഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ പിടയുകയായിരുന്നു പെൺകുട്ടി. കടയിൽ സാധനം വാങ്ങാനെത്തിയ യുവാക്കളുടെ സമയോചിതമായ ഇടപെടലും പ്രഥമശുശ്രൂഷയുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്. കുട്ടി ധൈര്യം സംഭരിച്ച് സഹായത്തിനായി നേരിട്ട് തങ്ങളുടെ അടുത്തേക്ക് വന്നതുകൊണ്ടാണ് അവളെ രക്ഷിക്കാൻ സാധിച്ചതെന്ന് യുവാക്കൾ പറയുന്നു. 

റോഡ് സൈഡിൽ നിർത്തിയ പച്ചക്കറി വണ്ടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി പരസ്പരം സംസാരിച്ച് നിൽക്കുകയായിരുന്നു യുവാക്കൾ. ഇതേസമയം റോഡിന്റെ മറുവശത്ത് ചെറിയ സൈക്കിളുമായി നിൽക്കുന്ന് പെൺകുട്ടി എന്തോ വായിൽ ഇടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ അൽപനേരത്തിനുള്ളിൽ ബുദ്ധിമുട്ട് തോന്നിയ പെൺകുട്ടി യുവാക്കളുടെ അടുത്തേക്ക് സൈക്കിളിൽ സഹായം തേടി വരികയായിരുന്നു. ആ സമയത്ത് കുട്ടിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ലെന്നും കണ്ണൊക്കെ വല്ലാതെ ആയതായും യുവാക്കളിലൊരാൾ പറഞ്ഞു. യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ വയറിൽ അമർത്തി പുറത്തേക്ക് തള്ളാൻ ശ്രമിച്ചു. രണ്ടാമത്തെ തവണ വയറിൽ അമർത്തിയപ്പോഴാണ് തൊണ്ടയിൽ കുടുങ്ങിയ ച്യൂയിങ് ഗം പുറത്തേക്ക് തെറിച്ചുവീണത്. അതോടെ കുട്ടിക്ക് ശ്വാസം നേരെ വീഴുകയും അപകട നില തരണം ചെയ്യുകയും ചെയ്തു.

Exit mobile version