Site iconSite icon Janayugom Online

എട്ടുവയസ്സുകാരിയെ ക്രൂരമായി മർദിച്ചു; പിതാവ് കസ്റ്റഡിയിൽ

കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയില്‍ എട്ടുവയസ്സുകാരിയായ മകളെ അതിക്രൂരമായി മർദിച്ച പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ജോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യ തിരിച്ചെത്താൻ പ്രാങ്ക് വീഡിയോ ചെയ്തതാണെന്ന് പിതാവ് പൊലീസിനോട് വിശദീകരിച്ചിരുന്നു. തുടർന്ന് പിതാവിനൊപ്പം തന്നെ കുട്ടിയെ പൊലീസ് വിട്ടയക്കുകയും ചെയ്തു. പിന്നീട് സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാകുകയും ചെയ്തതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വീട്ടിൽനിന്ന് മാറിനിൽക്കുന്ന മാതാവിനോടാണ് കുട്ടിക്ക് കൂടുതൽ അടുപ്പമെന്ന് പറഞ്ഞായിരുന്നു മർദനം. തല ഭിത്തിയിലിടിപ്പിക്കുകയും നിലത്തേക്ക് എറിയുകയും മുഖത്ത് അടിക്കുകയും വെട്ടുകത്തിയുമായി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയെയും ഭാര്യയെയും ഇയാൾ ഉപദ്രവിക്കാറുണ്ടെന്ന് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്‍റ് കെ എഫ് അലക്സാണ്ടർ പറഞ്ഞു. ഇയാളുടെ ഉപദ്രവത്തെ തുടർന്ന് ഭാര്യ വീട്ടിൽനിന്ന് അകന്ന് കഴിയുകയാണ്. സംഭവത്തിൽ നടപടി തുടങ്ങിയിട്ടുണ്ടെന്ന് സി ഡബ്ല്യു സി ചെയർമാൻ കെ രവി പറഞ്ഞു. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തിരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ബാലാവകാശകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Exit mobile version