Site iconSite icon Janayugom Online

ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികൻ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞ് ജീവന്‍. ഇടുക്കി ചിന്നക്കനാൽ ചൂണ്ടലിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ചിന്നക്കനാൽ പന്നിയാർ സ്വദേശി ജോസഫ് വേലുച്ചാമി (62) ആണ് കൊല്ലപ്പെട്ടത്. ഏലത്തോട്ടത്തിൽ വച്ചാണ് ജോസഫിനുനെ കാട്ടാന ആക്രമിച്ചത്. ഏലത്തോട്ടത്തിൽ കാട്ടാനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിലാണ് ജോസഫിനെ കണ്ടെത്തിയത്.

ഇന്ന് രാവിലെ 11.45ഓടെയാണ് ആക്രമണം ഉണ്ടായത്. നിരവധി തവണ ഇവിടെ കാട്ടാന ഇറങ്ങി നാശനഷ്ടമുണ്ടാക്കിയ ഇടമാണിത്. പ്രദേശത്ത് മാത്രം എട്ട് കാട്ടാനകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാനകളെ തുരത്താനോ സുരക്ഷ ഒരുക്കാനോ വനംവകുപ്പ് തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഏലത്തോട്ടത്തിൽ ജോലിക്കെത്തിയതായിരുന്നു ജോസഫ്. ജോസഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം അൽപ്പസമയത്തിനകം ആശുപത്രിയിലേക്ക് മാറ്റും. സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടിട്ടുണ്ട്.

Exit mobile version