മലപ്പുറത്ത് ജപ്തി നടപടി നേരിട്ട വയോധിക മരിച്ചു. പൊന്നാനി പാലപ്പെട്ടി സ്വദേശി എടശ്ശേരി മാമി(82) ആണ് മരിച്ചത്. ഇന്നലെയാണ് മാമിയുടെ വീട് ജപ്തി ചെയ്തത്. വയോധികയുടെ മകൻ അലിമോൻ പാലപ്പെട്ടി എസ്ബിഐ ശാഖയിൽ നിന്ന് ആറ് വർഷം മുൻപ് 25 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. 42 ലക്ഷം രൂപയാണ് ഇനി ലോൺ അടക്കാൻ ഉള്ളത്. അലിമോനെ കാണാതായതിനെ തുടർന്നായിരുന്നു തിരിച്ചടവ് മുടങ്ങിയത്.
മാമിയുടെ 22 സെന്റ് സ്ഥലത്തിന്റെ പേരിൽ ആണ് അലിമോൻ ലോൺ എടുത്തത്. പണം തിരികെ അടക്കാനാവാതെ വന്നതോടെ ബാങ്ക് വീട് ജപ്തി ചെയ്യുകയായിരുന്നു. വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

