മുൻ കേന്ദ്ര മന്ത്രിയും ലോക്‌സഭാ അംഗവുമായ കെപി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വി പി സിങ് മന്ത്രിസഭയിൽ ടെലികമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം മികച്ച ഭരണാധികാരി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടു. പാർലമെന്റേറിയൻ എന്ന നിലയിൽ ശക്തമായ ഇടപെടലുകൾ ആയിരുന്നു ഉണ്ണികൃഷ്ണന്റേത്.
ബോഫോഴ്സ് പോലുള്ള കുംഭകോണങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും മറ്റും പാർലമെന്റിലും പുറത്തും ധീരമായ നിലപാട് കൈകൊണ്ടു. കേന്ദ്ര മന്ത്രി എന്ന നിലയിൽ കേരളത്തിന്റെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകാനും അദ്ദേഹത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായ അദ്ദേഹം പത്രപ്രവർത്തന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

