Site iconSite icon Janayugom Online

ആയിരം രൂപയ്ക്ക് ബുദ്ധിയുള്ള കുട്ടി

ayyankaliayyankali

വിദ്യാരംഭകാലം ആയതോടെ എഴുത്തിനിരുത്തേണ്ട കുട്ടികളുടെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്. തുഞ്ചൻ പറമ്പ് മുതൽ ആശാൻ സ്മാരകം വരെയുള്ള സാംസ്കാരിക സ്ഥാപനങ്ങളും ഗ്രന്ഥശാലകളും പത്രസ്ഥാപനങ്ങളും ഏതാണ്ട് മത്സരബുദ്ധിയോടെ തന്നെ രംഗത്തുണ്ട്. ഹിന്ദുമത വിശ്വാസികൾക്ക് ഇങ്ങനെയൊരു ഉത്സവസാധ്യത ഉണ്ടെന്നുകണ്ടപ്പോൾ മറ്റു മതസ്ഥാപനങ്ങളും വിദ്യാരംഭം തുടങ്ങി. സ്വന്തം മതത്തിൽ നിന്നും കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് ഹിന്ദുമന്ത്രം എഴുതിക്കാൻ പോകുന്നവരുടെ പ്രവാഹത്തിന് തടയിടാനായാണ് മറ്റുമതക്കാരും സമീപകാലത്ത് പരസ്യ വിദ്യാരംഭപദ്ധതി ആരംഭിച്ചത്.
ബോണസ് വാങ്ങുന്നതിൽ കുഴപ്പമില്ലെന്നും എന്നാൽ ഓണം ആഘോഷിക്കരുതെന്നും പെരുന്നാൾ വിഭവങ്ങൾ അയൽക്കാർക്ക് കൈമാറരുതെന്നും മറ്റും റീൽസിടുന്ന മതപ്രഭാഷണ ജീവനക്കാർ ഒരു പ്രതിരോധ പ്രവർത്തനം എന്നനിലയിൽ ഈ ദുരാഘോഷത്തെ വരവേൽക്കുന്നുണ്ട്. അതിൽ ഏറ്റവും കൗതുകമുണ്ടാക്കിയത് മലങ്കര ഓർത്തഡോക്സ് സഭക്കാരുടെ പരസ്യമാണ്. മലങ്കര സഭാരത്നം ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ ശവകുടീരത്തിനുമുന്നിൽ വച്ച് റമ്പാൻ തന്നെയാണ് ആദ്യക്ഷരം കുറിക്കുന്നത്. ഇതുവഴി കുട്ടികൾക്ക് കൂടുതൽ ബുദ്ധി ലഭിക്കുമെന്നും പരസ്യത്തിലുണ്ട്. രജിസ്ട്രേഷൻ ഫീസ് വെറും 1000 രൂപ മാത്രം. പഴയ മുപ്പതു വെള്ളിക്കാശിന് തുല്യം. പ്രചരിച്ച ചിത്രം വ്യാജമാണെന്ന് പിന്നീട് സംഘാടകര്‍ അവകാശപ്പെട്ടിട്ടുണ്ട്.

എന്താണ് വിദ്യാരംഭം? പുസ്തകങ്ങൾ ഒന്നിലധികം ദിവസം പൂജവച്ചിട്ട് തിരിച്ചെടുക്കുന്ന പ്രഭാതത്തിൽ ഹിന്ദുമതത്തിലെ സവർണ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് കാരണവന്മാരോ പൂജാരിമാരോ കൈവിരൽ ബലമായിപ്പിടിച്ച് അരിയിൽ എഴുതിപ്പിക്കുന്നതാണ് ചടങ്ങ്. ഒരു പുസ്തകം പോലും എഴുതിയിട്ടില്ലാത്ത, കാവ്യഭാവന മാത്രമായ ഇന്ത്യൻ വിദ്യാദേവത സരസ്വതിയുടെ തിരുമുമ്പിലാണ് ഈ അഭ്യാസം നടത്തുന്നത്. നാലുകയ്യുള്ള ഒരു സങ്കല്പമാണ് സരസ്വതി. സാരിയും ബ്ലൗസുമണിയിച്ച് രാജാരവിവർമ്മ വരച്ചെടുത്ത സരസ്വതി അനങ്ങാൻ തുടങ്ങിയത് നിർമ്മിതബുദ്ധിയുടെ വരവോടുകൂടിയാണ്. ബലപ്രയോഗത്തിലൂടെ പിഞ്ചുകുഞ്ഞുങ്ങളുടെ നാരങ്ങായല്ലി പോലെയുള്ള വിരലുകൾ കൊണ്ട് എഴുതിപ്പിക്കുന്നത് മാതൃഭാഷയായ അമ്മമലയാളമല്ല, സാധാരണ മനുഷ്യരാരും ഉപയോഗിക്കാത്ത ശുദ്ധസംസ്കൃതമാണ്. ഹരിശ്രീ ഗണപതയെ നമഃ എന്നാണാ ഹിന്ദുമന്ത്രം. ഇപ്പോൾ അല്പം പുരോഗമനം ബാധിച്ചവർ അമ്മയെന്നും അച്ഛനെന്നും മറ്റും എഴുതിപ്പിച്ച് ജാള്യത മറയ്ക്കുന്നുണ്ട്.
തിരിച്ചറിവില്ലാത്ത പ്രായത്തിൽ കുഞ്ഞുങ്ങളിൽ നടത്തുന്ന ഈ ബലപ്രയോഗം സവർണഹിന്ദു സമൂഹത്തിലെ ആൺകുട്ടികൾക്ക് മാത്രമുള്ളതായിരുന്നു. ആ ദിവസത്തോടെ അവരുടെ അക്ഷരപരിചയം ഉപബോധമനസിൽ നിന്നുപോലും അപ്രത്യക്ഷമാകും. പിന്നീട് ‘മാൻ മാർക്ക് കുട’യെന്നെങ്കിലും വായിക്കണമെങ്കിൽ പള്ളിക്കൂടത്തിൽപ്പോയ ആരുടെയെങ്കിലും സഹായം അവർക്ക് വേണമായിരുന്നു. കീഴാളജനതയ്ക്ക് അക്ഷരബോധം തന്നെ നിരോധിച്ചിരുന്നു. ഇതിനെതിരെ കൃഷിത്തൊഴിലാളികളായ അവർ പണിമുടക്കിയത് ചരിത്രമാണല്ലോ. അതിനാൽ അയ്യൻകാളിയുടെ പിന്മുറക്കാർ സരസ്വതിക്ക് പകരം പഞ്ചമിയെ മനസിൽ വിചാരിച്ചുകൊണ്ട് സർക്കാർ സ്കൂളിലേക്ക് പോകുന്നതാണ് ഉചിതം. 

സവർണരോ അവർണരോ ആയ ഒരു പെൺകുട്ടിക്കുപോലും അക്ഷരം പഠിക്കാനുള്ള അവസരം ഇല്ലായിരുന്നു. മതജീവിതത്തിന് വേദപുസ്തകവായന അത്യാവശ്യമാകയാൽ മിഷനറിമാരാണ് സ്ത്രീവിദ്യാഭ്യാസത്തിനു മുൻകൈ എടുത്തത്. ഇസ്ലാം മതത്തിലെ പെൺകുഞ്ഞുങ്ങൾക്ക് സമീപകാലത്തുമാത്രമേ ഈ സൗകര്യം നൽകിയിട്ടുള്ളൂ. ഇതാണ് പശ്ചാത്തലം എന്നിരിക്കെ വിദ്യാരംഭകേന്ദ്രങ്ങളിലേക്ക് പാവം കുഞ്ഞുങ്ങളെ ബലമായി കൊണ്ടുപോകേണ്ട കാര്യമില്ല.
പത്രസ്ഥാപനങ്ങളും മറ്റും പാവം കുഞ്ഞുങ്ങളുടെ പേരിൽ സർട്ടിഫിക്കറ്റുകളും നൽകുന്നുണ്ട്. ഈ സർട്ടിഫിക്കറ്റല്ല, ജനന സർട്ടിഫിക്കറ്റാണ് സ്കൂളിൽ ചേരുമ്പോൾ ഹാജരാക്കേണ്ടത്. വിദ്യാരംഭസർട്ടിഫിക്കറ്റിന് ആക്രിക്കടലാസിന്റെ വിലപോലും സ്കൂൾ അധികൃതർ കല്പിക്കുന്നില്ല. ഇംഗ്ലീഷ് മീഡിയത്തിൽ സീറ്റ് ബുക്ക് ചെയ്തിട്ട് നടത്തുന്ന ഈ വിദ്യാരംഭം ഒരു ഹാസ്യാനുഭവമാണ്.
ഏകദിന ഗുരുക്കന്മാർക്ക് വലിയ പ്രതിഫലവും ലഭിക്കുന്നുണ്ട്. വിദ്യാരംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന ചിന്തയാണ് ഇതിനുപിന്നിലുള്ളത്.
ജാതിയും മതവും അവയുടെ വാണിജ്യമുദ്രകളായ സങ്കല്പകഥാപാത്രങ്ങളും വോട്ടായി മാറും എന്ന ചിന്തയുള്ള വർഗീയ രാഷ്ട്രീയപ്പാർട്ടികൾക്ക് ഇതുമൊരു ചാകര. അല്ലാതെ വിജയദശമി ദിനത്തിലെ വിദ്യാരംഭം കൊണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ഒരു ഗുണവും ഉണ്ടാവുകയില്ല. 1000 രൂപയും അത്രയും സമയവും നഷ്ടമാകുമെന്നേയുള്ളു. കുഞ്ഞുങ്ങളുടെ ബുദ്ധി വികസിക്കാൻ മത വിദ്യാരംഭം ഒരു മാർഗമേയല്ല. 

Exit mobile version