Site iconSite icon Janayugom Online

ചെന്നൈയിൽ കുടുംബ തർക്കം അന്വേഷിക്കാനെത്തിയ എസ്ഐയെ വെട്ടിക്കൊന്നു

എംഎൽഎയുടെ ഫാംഹൗസിൽ നടന്ന കുടുംബതർക്കം അന്വേഷിക്കാനെത്തിയ എസ്ഐയെ വെട്ടിക്കൊന്നു. തമിഴ്നാട് പൊലീസ് സ്പെഷ്യൽ സബ് ഇൻസ്പെക്ടർ എം ഷൺമുഖവേലാണ് (57) കൊല്ലപ്പെട്ടത്. എഐഎഡിഎംകെ എംഎൽഎ സി മഹേന്ദ്രന്റെ ഉടമസ്ഥതയിൽ തിരുപ്പൂർ ജില്ലയിലെ ഗുഡിമംഗലത്തുള്ള ഫാമിലാണ് സംഭവം നടന്നത്. ഗുഡിമംഗലത്തിനടുത്തുള്ള മൂങ്ങിൽതൊഴുവിൽ താമസിക്കുന്ന മൂർത്തി, മക്കളായ മണികണ്ഠൻ, തങ്കപാണ്ടി എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞത്. സംഭവശേഷം ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. 

എംഎൽഎയുടെ ഫാമിലാണ് മൂർത്തി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ, മൂർത്തിയും ഇളയ മകൻ തങ്കപാണ്ടിയും തമ്മിൽ മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടായതായും, ഇതിനിടെ തങ്കപാണ്ടി പിതാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചതായുമാണ് വിവരം. തുടർന്ന് മറ്റ് കുടുംബാംഗങ്ങൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് സംഭവം റിപ്പോർട്ട് ചെയ്തു. ഷൺമുഖവേലും കോൺസ്റ്റബിൾ അഴഗുരാജയുമാണ് സംഭവസ്ഥലത്തെത്തിയത്. ഷൺമുഖവേൽ മൂർത്തിയെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ മണികണ്ഠൻ ഷൺമുഖവേലിനെ അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിൽ ഷൺമുഖവേലിന്റെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. കോൺസ്റ്റബിൾ അഴഗുരാജയെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപെട്ടു.

സംഭവത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പ്രതികളെ പിടികൂടുന്നതിനായി അഞ്ച് പ്രത്യേക പൊലീസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Exit mobile version