മലപ്പുറത്ത് കൺസ്യൂമർഫെഡിന്റെ മദ്യശാലയിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. മുണ്ടുപറമ്പിലെ മദ്യ വില്പനശാലയിലായിരുന്നു പരിശോധന. ഇവിടെ നിന്ന് കണക്കിൽപ്പെടാത്ത 43,430 രൂപ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ചില മദ്യക്കമ്പനികളുടെ പ്രോഡക്റ്റുകൾ കൂടുതലായി വിൽക്കുന്നതിനായി പ്രോത്സാഹിപ്പിക്കുന്നു, ഏജന്റുമാരിൽ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നു തുടങ്ങിയ പരാതികൾ വന്നിരുന്നു. കൂടുതൽ പണം വാങ്ങി മൂന്ന് ലിറ്ററിലധികം മദ്യം നൽകും. ആ പണം ഉദ്യോഗസ്ഥർ തമ്മിൽ വീതിച്ചെടുക്കുന്നതായി പരിശോധനയില്‍
കണ്ടെത്തി. വിജിലൻസ് പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് റിപ്പോർട്ട് സമർപ്പിക്കും.

