ലോകത്ത് അസമത്വം വർധിക്കുന്നത് അനുക്രമത്തിലല്ലെന്നും കുത്തനെയാണെന്നുമുള്ള റിപ്പാേര്‍ട്ടുകള്‍ പുറത്തുവരുന്നത് ഇപ്പോള്‍ വാര്‍ത്തയല്ലാതായിരിക്കുന്നു. സാമ്പത്തിക, സാമൂഹിക മേഖലകളിലെ വര്‍ധിച്ചുവരുന്ന അന്തരം മറികടക്കാന്‍ ലോക സാമ്പത്തിക ഫോറം പോലുള്ള സംഘടനകൾ ആഹ്വാനം ചെയ്യുന്നുമുണ്ട്. സാമ്പത്തികമാന്ദ്യ ഭീതി, തൊഴിലില്ലായ്മ, മനുഷ്യാവകാശങ്ങളുടെ ശോഷണം എന്നിവയുമായി ആഴത്തില്‍ ബന്ധപ്പെട്ടതാണ് അസമത്വം. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും മാനവ വികസനത്തിൽ മുന്നേറുന്നുണ്ടെങ്കിലും, സാമ്പത്തികമായ അസന്തുലിതാവസ്ഥ സാമൂഹിക നീതിയുടെ എല്ലാ മാനകങ്ങളെയും മറികടക്കുന്ന രീതിയില്‍ ഉയര്‍ന്ന് നില്‍ക്കുന്നു. പണപ്പെരുപ്പം, തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം എന്നിവ യുവജനങ്ങളെയാണ് കൂടുതൽ ബാധിക്കുക. ഇത് സാമൂഹിക ധ്രുവീകരണം വർധിപ്പിക്കും. നിര്‍മ്മിത ബുദ്ധി പോലുള്ള സങ്കേതങ്ങള്‍ അസമത്വത്തെ സ്വാധീനിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി (യുഎന്‍ഡിപി) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സാങ്കേതികവിദ്യകൾ വികസനത്തെ സഹായിക്കുമെങ്കിലും, അവയുടെ ശരിയായ ഉപയോഗം ഉറപ്പാക്കിയില്ലെങ്കിൽ അസമത്വം കൂടാനാണ് സാധ്യത. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കെെവരിക്കുന്നതില്‍ ഭരണകൂടങ്ങള്‍ പിന്നാക്കം പോകുന്നതും കാലാവസ്ഥാ പ്രതിസന്ധിയും അസമത്വത്തിന് ആക്കം കൂട്ടുന്നു. ശിഥിലമാകുന്ന സമൂഹങ്ങളും പ്രധാന ഭീഷണിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭരണകൂടത്തിന്റെ നയവെെകല്യങ്ങളും വിഭാഗീയ കാഴ്ചപ്പാടുകളും കൊണ്ട് അന്യവല്‍ക്കരിക്കപ്പെടുന്ന ജനതയുടെ നാടായി മാറുകയാണ് ഇന്ത്യ. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ച് പാരിസിലെ വേൾഡ് ഇക്വാളിറ്റി ലാബിലെ സാമ്പത്തിക വിദഗ്ധരായ ലൂക്കാസ് ചാൻസൽ, റിക്കാർഡോ ഗോമസ്-കരേര, റൊവൈഡ മോഷ്രിഫ്, തോമസ് പിക്കറ്റി എന്നിവർ എഡിറ്റ് ചെയ്ത 2026ലെ വേൾഡ് ഇക്വാളിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന വിശദാംശങ്ങൾ കടുത്ത ആശങ്കയുളവാക്കുന്നതാണ്. ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് റിപ്പോർട്ട് പറയുന്നു. ജനസംഖ്യയില്‍ മേല്‍ത്തട്ടിലെ 10% ദേശീയ വരുമാനത്തിന്റെ ഏകദേശം 58% കൈവശം വച്ചിരിക്കുന്നു. അതേസമയം താഴെയുള്ള 50% പേരുടെ വരുമാനം 15% മാത്രമാണ്. സമ്പത്തിന്റെ കാര്യത്തിലെ അന്തരം ഇതിലും വലുതാണ്. ഏറ്റവും സമ്പന്നരായ 10% പേർ മൊത്തം സമ്പത്തിന്റെ 65% കൈവശം വയ്ക്കുന്നു. അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ കയ്യിലാണ് സമ്പത്തിന്റെ 40%. സമ്പത്തിന്റെയും വരുമാനത്തിന്റെയും കേന്ദ്രീകരണം അനിയന്ത്രിതമായി തുടരുകയും ഏറ്റവും താഴെയുള്ള 50% പേർ സമ്പത്തിന്റെ രണ്ട് ശതമാനം മാത്രം നിയന്ത്രിക്കുകയും വരുമാനത്തിലെ എട്ട് ശതമാനം മാത്രം നേടുകയും ചെയ്യുന്നു. ഏറ്റവും മേല്‍ത്തട്ടിലെ 0.001% പേർ നിയന്ത്രിക്കുന്ന സമ്പത്തിന്റെ അളവാണ് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യവും റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു. 1995ൽ ഏകദേശം നാല് ശതമാനമായിരുന്ന ഇത് 2025 ആകുമ്പോഴേക്കും ആറ് ശതമാനമായി ഉയർന്നു. 2031 ആകുമ്പോഴേക്കും രാജ്യത്ത് 12 ലക്ഷം കോടി രൂപ നിക്ഷേപിക്കും എന്ന ഗൗതം അഡാനിയുടെ പ്രസ്താവന ചേര്‍ത്തുവായിച്ചാല്‍ ഈ വളര്‍ച്ചയുടെ ചിത്രം വ്യക്തമാകും.
ലോകമെമ്പാടും ലിംഗ അസമത്വം ആശങ്കാജനകമായി തുടരുന്നു. സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതൽ ജോലി ചെയ്യുകയും കുറവ് വരുമാനം നേടുകയും ചെയ്യുന്ന അവസ്ഥ തുടരുകയാണ്. ആനുപാതികമല്ലാത്ത ഉത്തരവാദിത്തങ്ങൾ സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ നിയന്ത്രിക്കുകയും രാഷ്ട്രീയ പങ്കാളിത്തം പരിമിതപ്പെടുത്തുകയും സമ്പാദ്യം മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. അസമത്വം ഇന്ത്യയുടെ മാനവ വികസന സൂചിയെ 30.7% കുറയ്ക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് ഏതാനും മാസം മുമ്പാണ്. ആരോഗ്യ — വിദ്യാഭ്യാസ അസമത്വം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, വരുമാന, ലിംഗ അസമത്വങ്ങൾ ഉയര്‍ന്നനിലയില്‍ തുടരുന്നു. സ്ത്രീ തൊഴിൽശക്തി പങ്കാളിത്തവും രാഷ്ട്രീയ പ്രാതിനിധ്യവും വളരെ പിന്നിലാണ്. സ്ത്രീ ശാക്തീകരണം, എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയിലൂടെ മാത്രമേ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് അസമത്വം കുറയ്ക്കാൻ കഴിയൂ. പ്രാദേശിക സാമ്പത്തിക വികസനത്തിനുള്ള ലോക ഫോറം പോലുള്ള വേദികൾ നീതിയുക്തമായ സാമ്പത്തിക പരിവർത്തനങ്ങൾക്ക് ഇത്തരം നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. യുവാക്കളുടെ അവകാശങ്ങൾക്കും അഭിലാഷങ്ങൾക്കും മുൻഗണന നൽകാൻ നയരൂപകർത്താക്കള്‍ തയ്യാറാകേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു. സാമ്പത്തിക നീതി, സാമൂഹികമായ ഉൾക്കൊള്ളൽ, സാങ്കേതികവിദ്യയുടെ ശരിയായ വിനിയോഗം എന്നിവയിലൂടെ അസമത്വം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തിൽ നടന്നുവരികയാണ്. നമ്മുടെ നേതൃത്വങ്ങളാകട്ടെ മനുസ്മൃതിയിലും വന്ദേമാതരത്തിലും ഖുറാനില്‍ പറയുന്ന സ്ത്രീജീവിതത്തിലും ചര്‍ച്ചകളും സംവാദങ്ങളുമായി കാലം കഴിക്കുകയാണ്. തുറന്ന കണ്ണും വികസിച്ച മസ്തിഷ്കവുമുള്ള ഭരണാധികാരികള്‍ക്കേ ജനങ്ങളുടെ വികാസവും അതുവഴി രാജ്യത്തിന്റെ വികസനവും ലക്ഷ്യമിടാനും പ്രാപ്തമാക്കാനും താല്പര്യമുണ്ടാവുകയുള്ളു.

