ആലപ്പുഴക്കാര്‍ക്ക് ഓളപ്പരപ്പിലെ ആവേശമാണ് നെഹ്രുട്രോഫി വള്ളംകളിയെങ്കില്‍ അടൂര്‍ ആനന്ദപ്പള്ളിക്കാര്‍ക്ക് ചേറ്റുകണ്ടത്തില്‍ കാളക്കൂറ്റന്മാര്‍ നുകംകെട്ടി പായുന്ന ആഘോഷ തിമിര്‍പ്പാണ് മരമടി മത്സരം. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കാർഷികോത്സവങ്ങളിലൊന്നായ ആനന്ദപ്പള്ളി മരമടി മത്സരം പക്ഷെ നാളെ നിരോധനത്തിന്റെ പൂട്ടില്‍ അകപ്പെട്ടതുപോലെയാണ്.
ഓഗസ്റ്റ് 15ന് മരമടി മത്സരം നടത്താന്‍ എല്ലാവിധ തയ്യാറെടുപ്പുകളും കർഷക സമിതിയുടെ നേതൃത്വത്തില്‍ നടത്തുമെങ്കിലും നിയമത്തിന്റെ പിന്‍ബലം ഇല്ലാത്തതിന്റെ പേരില്‍ ഒഴിവാക്കുകയാണ് പതിവ്. മത്സരത്തില്‍ പങ്കെടുപ്പിക്കാനായി പ്രത്യേക പരിപാലനത്തിലൂടെ കാളക്കൂറ്റന്മാരെ ഒരുക്കുന്ന കര്‍ഷകര്‍ക്ക് കണ്ണീര് മാത്രം മിച്ചം. മൃഗസ്നേഹികളുടെ ഹര്‍ജിയെ തുടര്‍ന്നാണ് തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് ഉള്‍പ്പെടെയുള്ള മൃഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിനോദങ്ങള്‍ സുപ്രീംകോടതി നിരോധിച്ചത്. ഇതോടെ ആറുവർഷം മുമ്പ് ആനന്ദപ്പള്ളി മരമടിക്കും വിലക്ക് വീണു.
ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് നിയമ നിർമാണം നടത്തി പുനരാരംഭിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് ആനന്ദപ്പള്ളി കർഷക സമിതി മരമടി പുനരാരംഭിക്കുന്നതിന് സർക്കാർ അനുമതി നൽ കണമെന്നാവശ്യപ്പെട്ടിരുന്നു. സ്ഥലം എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാർ വിഷയം നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്തു. പക്ഷെ, നിയമ വ്യാഖ്യാനത്തിന്റെ അവ്യക്തതമൂലം മരമടി മത്സരം തുടങ്ങാന്‍ ആയില്ല. ഇതിനുശേഷം ആനന്ദപ്പള്ളി കർഷകസമിതി കാളപൂട്ട് മത്സരം നടത്തുന്നതിന് നിയമനിർമാണം ആവശ്യപ്പെട്ട് പ്രത്യേക പ്രൊപ്പോസൽ സർക്കാരിന് നൽകിയിരിക്കുകയാണ്.
ഉപാധികളോടെ ജല്ലിക്കെട്ട് നടത്താൻ തമിഴ്‌നാട് സർക്കാർ പാസ്സാക്കിയ ഓർഡിനൻസിന് സമാനമായ രീതിയിൽ നിയമനിർമാണം നടത്തണമെന്നാണ് ആവശ്യം. മൃഗസംരക്ഷണ‑കൃഷി വകുപ്പുകള്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കേരളത്തിൽ നെൽ കൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമാണ് മരമടി, കാളപ്പൂട്ട് എന്നീ പേരുകളിൽ അറിയപ്പെടുന്നത്. ഉഴുതുമറിച്ച് നെൽവയലുകളിലാണ് മത്സരം നടത്തുന്നത്. മത്സരത്തോടനുബന്ധിച്ച് വിവിധങ്ങളായ കാര്‍ഷികമത്സരങ്ങളും നടത്തിയിരുന്നു. പുതിയ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവും മത്സരത്തിനുണ്ട്.
മൃഗവും മനുഷ്യനും പ്രകൃതിയും ചേര്‍ന്നൊരു ഐക്യപ്പെടലിന്റെ സന്ദേശം കൂടി മരമടി മത്സരത്തിനുണ്ട്. മനുഷ്യനും മൃഗവും ഒത്തൊരുമിച്ച് ഓടി വിജയിക്കുന്ന കാർഷിക വിനോദമാണിത്. നിയമനിർമാണം നടത്തി അനുമതി ലഭിച്ചാൽ ഈ സീസണിൽ തന്നെ മരമടി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് ആനന്ദപ്പള്ളി കർഷക സമിതി.
english summary; Anandapally Maramadi festival will come again with the excitement of agricultural culture
you may also like this video;