Site icon Janayugom Online

അനന്തപുരി ചക്ക മഹോത്സവം

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ചക്കപ്പഴങ്ങളും ചക്ക വിഭവങ്ങളും ഇങ്ങ് തലസ്ഥാനത്തെത്തിക്കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ മധുരം കിനുയുന്നതാണ്. അനന്തപുരി ചക്ക മഹോത്സവം എന്ന പേരില്‍ പുത്തരിക്കണ്ടം മൈതാനിയിൽ ആരംഭിച്ച ചക്കമേള സംഭവമാകും. തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വലിപ്പത്തിലും രുചിയിലുമുള്ള നൂറുകണക്കിന് വ്യത്യസ്തതരം ചക്കകളാണ് മേളയിലുള്ളത്.

സംസ്ഥാന ഫലമായ ചക്കയുടെ പ്രചരണാർത്ഥം സിസയുടെ നേതൃത്വത്തിൽ ചക്ക കര്‍ഷകരുടെയും ചക്ക പ്രേമികളുടെയും കൂട്ടായ്മയും പ്രശസ്ത ചക്ക പ്രചാരകരായ ചക്കക്കൂട്ടവും ചേർന്നാണ് മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രദർശനം കാണാൻ ആദ്യ ദിനം തന്നെ ആയിരങ്ങളെത്തി. ഒമ്പതുവരെ എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം.

ചക്കയും തിന്നാം സമ്മാനവും നേടാം എന്നതാണ് ഒരു ആകര്‍ഷണം. കാണികൾക്കായി തിങ്കളാഴ്ച വൈകുന്നേരം നാലുമുതൽ ചക്കപ്പഴം തീറ്റമത്സരം സംഘടിപ്പിച്ചിട്ടുണ്ട്. പ്രദർശന നഗരിയിലെത്തുന്ന ആർക്കും മത്സരത്തിൽ പങ്കെടുക്കാം. ഏറ്റവുമധികം വരിക്കച്ചക്കപ്പഴം കഴിക്കുന്നവർക്കാണ് സമ്മാനം. 100ല്‍പ്പരം രുചിയേറുന്ന ചക്ക വിഭവങ്ങള്‍ മാത്രമുള്ള ഫുഡ്‌കോര്‍ട്ട് മേളയുടെ മറ്റൊരു പ്രത്യേകതയാണ്.

ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്‌സ്ചര്‍, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്‌സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരചില്ലി, ചക്ക കട്‌ലറ്റ് എന്നിവയുടെ വില്പനയുമുണ്ട്. ചക്ക സ്‌ക്വാഷുകള്‍, ചക്ക ജാമുകള്‍ എന്നിവയുടെ വില്പനയും പാചക പരിശീലനവും പ്രദര്‍ശനത്തിലുണ്ട്. ‘നല്ല ഭക്ഷണം, നല്ല ആരോഗ്യം, നല്ല ജീവിതം, നമുക്കും വരും തലമുറയ്ക്കും’ എന്ന സന്ദേശമുയര്‍ത്തിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ വീട്ടിലും ഒരു പ്ലാവിൻ തൈ നടുക എന്ന ലക്ഷ്യത്തോടെ മുപ്പതിൽപരം വ്യത്യസ്തയിനം പ്ലാവിന്‍ തൈകൾ കുറഞ്ഞ വിലയ്ക്ക് മേളയിൽ ലഭിക്കും. കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാജു ഉദ്ഘാടനം ചെയ്തു.

Eng­lish Sam­mury: Anan­tha­puri Jack­fruit Fes­ti­val at Thiruvananthapuram

Exit mobile version