Site icon Janayugom Online

അങ്ങനെയിരിക്കേ

kavitha

അങ്ങനെയിരിക്കേ

ഒന്നു മരിക്കണമെന്നു തോന്നി

അയാൾക്ക്.

വെറുതെ,

പ്രത്യേകിച്ച് കാരണമൊന്നുമില്ല

വിഷമങ്ങളില്ല

അമിത സന്തോഷങ്ങളില്ല

നേരിയ ഓളങ്ങളിൽ

തഴുകി

ഒരില പോകും പോലെ…

സ്വപ്നങ്ങളിൽ

തട്ടി തടഞ്ഞില്ല

മുള്ളുകൾ കൊണ്ട്

മുറിവേറ്റുമില്ല

വൈകുന്നേരത്ത്

കാറ്റുകൊണ്ടിരുന്ന്

ഒരു ചൂടു ചായ

മൊത്തിക്കുടിക്കും പോലെ

ഇലകളെ

മെല്ലെയിളക്കി

ചെറുകാറ്റ് വീശുന്നു

ചില്ലയിൽ നിന്നും

ഒരു പക്ഷി

പൊടുന്നനെ

ചിറകടിച്ചു പറന്നു

എന്തോ മറന്നതു പോലെ.

ചിലപ്പോഴൊക്കെ നാം

ആലോചിച്ചിരിക്കാറില്ലേ

ഒന്നും ഓർത്തെടുക്കുകയില്ല

ഒന്നും ഓർത്തെടുക്കാനുമില്ല

എന്നിട്ടും

എന്തോ

മറന്നു പോയെന്ന്

തോന്നാറില്ലേ?

മരിക്കണമെന്നു

തോന്നുന്നതു പോലെ

ഒരാൾക്ക്

ജനിക്കണമെന്നു

തോന്നുമോ?

അയാൾ

വെറുതെ

അങ്ങനെയൊക്കെ

ആലോചിച്ചുകൊണ്ട്

പുഴയിലേക്ക്

ചെറിയ കല്ലുകൾ

എറിഞ്ഞു കൊണ്ടിരുന്നു.

മടുത്തപ്പോൾ

വീട്ടിലേക്ക് മടങ്ങി

കുറച്ചുനേരം ടി വി കണ്ടു

അത്താഴം കഴിച്ചു

കിടന്നുറങ്ങി.

ഉറക്കത്തിൽ

അയാൾ എന്തു കണ്ടെന്ന്

സ്വപ്നത്തിലേക്കുള്ള

വഴിയറിയാത്തതിനാൽ

ഞാനുമറിഞ്ഞില്ല.

എങ്കിലും

ചിതറുകയും

വഴിപിരിഞ്ഞു പോകുകയും

ചെയ്യുന്ന

ജീവിതപ്പെയ്ത്തിനിടയിൽ

അറിയാതെ

ഇറ്റുന്ന

മഞ്ഞുതുള്ളി പോലൊരു

നിമിഷത്തിൽ

ഒരാൾക്ക്

മരിക്കണമെന്നു തോന്നുമോ

ഒരു കാരണവുമില്ലാതെ…

ഒരു പാട്ടു മൂളുമ്പോലെ…

അതായിരിക്കുമോ

ഏറ്റവും നല്ല നിമിഷം

അല്ലെങ്കിലും

പ്രത്യേകിച്ച്

കാരണമില്ലാതെയല്ലേ

പലതും

സംഭവിക്കുന്നത്.

പ്രാചീനമായ

തോട്ടങ്ങൾക്കുള്ളിൽ

ആർക്കുമറിയാത്ത

ചിലതൊക്കെ

ഒളിച്ചിരിപ്പുണ്ട്…

Exit mobile version