Site iconSite icon Janayugom Online

അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം വർധിപ്പിച്ചു; ധനമന്ത്രി കെ എൻ ബാലഗോപാൽ

അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1000 രൂപ വരെയാണ് വർധന. പത്തു വർഷത്തിൽ കൂടുതൽ സേവനമുള്ള അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 500 രൂപയുടെ വർധനയുണ്ട്. 62,852 പേർക്കാണ് വേതന വർധന ലഭിക്കുന്നത്. ഇതിൽ 32,989 പേർ വർക്കർമാരാണ്.
ആശ വർക്കർമാരുടെ വേതനത്തിലും 1000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചു. 26,125 പേർക്കാണ് നേട്ടം. ഇരു വർധനകളും ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി അറിയിച്ചു.

പച്ചത്തേങ്ങ സംഭരിച്ചതിന്റെ സബ്‌സിഡി വിതരണത്തിന്‌ 12.5 കോടിയും അനുവദിച്ചു. മിനിമം താങ്ങുവിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസമാണ്‌ സംസ്ഥാന സർക്കാർ സബ്‌സിഡിയായി നാളികേര കർഷകർക്ക്‌ നൽകുന്നത്‌.
കഴിഞ്ഞ ദിവസം നെല്ല് സംഭരണത്തിന്‌ 200 കോടി അനുവദിച്ചിരുന്നു. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണവും വെള്ളിയാഴ്‌ച ആരംഭിച്ചു. സ്‌കൂൾ പാചകത്തൊഴിലാളികൾക്ക്‌ 50.12 കോടിയും, തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നവംബറിലെ വിഹിതമായി 185.68 കോടിയും, റേഷൻ വ്യാപാരികളുടെ കമ്മിഷൻ കുടിശിക നൽകാൻ 26 കോടിയും, ആശ വർക്കർമാർക്ക്‌ ഓണറേറിയമായി 15.68 കോടിയും, ജനകീയ ഹോട്ടലുകൾക്ക്‌ 33 കോടിയും കഴിഞ്ഞ ദിവസങ്ങളിൽ അനുവദിച്ചിരുന്നു.

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ഏഴു മാസത്തെ പെൻഷൻ, സ്‌നേഹപൂർവം പദ്ധതിക്കുള്ള തുക, ശ്രുതിതരംഗം പദ്ധതിക്കുള്ള തുക, കെഎസ്‌ആർടിസിക്കുള്ള വിഹിതം എന്നിവയും നല്‍കി. ദേശീയ ആരോഗ്യ മിഷന്‌ കേന്ദ്രവിഹിതം ലഭിക്കാത്ത സാഹചര്യത്തിലും 50 കോടി രൂപ സംസ്ഥാന സർക്കാർ നൽകി. റബ്ബർ കർഷകർക്കുള്ള സബ്‌സിഡിയായി ഒക്ടോബർ വരെയുള്ള തുകയും അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Angan­wa­di, Asha employ­ees’ wages increased; Finance Min­is­ter KN Balagopal
You may also like this video

Exit mobile version