കർണാടക അങ്കോളയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കക്കോടി കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുനായുള്ള തിരച്ചിൽ തുടരുന്നു. നാലുദിവസമായി അർജുൻ കുടുങ്ങിയിരുന്നെങ്കിലും ഇന്നലെയാണ് വിവരം പുറംലോകത്തേക്കെത്തിയത്. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ കേരളം അർജുനുവേണ്ടി നിലയുറപ്പിച്ചു.
കേരളത്തിന്റെ ഇടപെടൽ ശക്തമായതോടെ കർണാടക സർക്കാരും രക്ഷാപ്രവർത്തനം ഊർജിതമാക്കി. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകി. ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കളക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറെ മന്ത്രി പി എ മുഹമ്മദ് റിയാസ് ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തര നടപടി സ്വീകരിക്കാൻ കർണാടക മുഖ്യമന്ത്രിയോടും റവന്യൂ വകുപ്പ് മന്ത്രിയോടും അഭ്യർത്ഥിച്ചതായി എ കെ ശശീന്ദ്രൻ അർജുന്റെ കുടുംബത്തെ ഫോണിലൂടെ അറിയിച്ചു.
വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കർണാടക ഗതാഗതമന്ത്രിയുമായി ബന്ധപ്പെട്ടതായി മന്ത്രി കെ ബി ഗണേഷ് കുമാറും പറഞ്ഞു. കാസർകോട് കളക്ടറുമായി സംസാരിച്ചതായും അന്വേഷിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. അർജുന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി ഉത്തര കന്നട ജില്ലാ കളക്ടർ അറിയിച്ചതായി കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങും അറിയിച്ചു. അർജുനെ കണ്ടെത്താൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അടിയന്തര സന്ദേശം അയച്ചിരുന്നു.
English Summary: Angola landslide disaster: Search continues for Arjuna
You may also like this video