Site iconSite icon Janayugom Online

അനില്‍ ആന്റണി അപ്പനെ കാണാനെത്തി

ബിജെപിയില്‍ ചേര്‍ന്ന എഐസിസി ഡിജിറ്റല്‍ മീഡിയാ വിഭാഗം തലവനായിരുന്ന അനില്‍ ആന്റണി പിതാവ് എ കെ ആന്റണിയെ കാണാന്‍ തിരുവനന്തപുരത്തെ അഞ്ജനത്തില്‍ എത്തി. അപ്പനും മകനും തമ്മിലുള്ള സന്ദര്‍ശനം മാത്രമാണ് നടന്നതെന്ന് അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയം ചര്‍ച്ചചെയ്തില്ലെന്നും ചോദ്യങ്ങളോട് പ്രതികരിച്ചു. പാർട്ടി മാറ്റത്തിന് ശേഷം ആദ്യമായി ഇന്നലെയാണ് അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിയത്.

വീട്ടിൽ അനിലിന്റെ തീരുമാനത്തോട് ആരെങ്കിലും യോജിപ്പോ വിയോജിപ്പോ അറിയിച്ചോയെന്ന ചോദ്യത്തോട്, രാഷ്ട്രീയം ചർച്ചയായില്ലെന്ന പ്രതികരണമാണ് അനിൽ ആന്റണി നടത്തിയത്. ഇന്ന് രാവിലെ ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിയ അനില്‍ ആന്റണിയെ ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ പൊതുയോഗത്തില്‍ അനില്‍ ആന്റണി പങ്കെടുത്തിരുന്നു. നരേന്ദ്രമോഡിയെ വാനോളം പുകഴ്ത്തിയ അനില്‍ അടുത്ത 125 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഉന്നതിയിലെത്തിക്കാന്‍ മോഡിക്ക് കഴിയുമെന്ന് പ്രഖ്യാപിച്ചത് വലിയ ട്രോളുകള്‍ക്കാണ് ഇടയാക്കിയത്. എന്നാല്‍ യുവം പരിപാടിയിലെ പ്രസംഗത്തിൽ വന്നത് ചെറിയ പിശകാണെന്ന് അനില്‍ പറഞ്ഞു. താനുദ്ദേശിച്ചത് 25 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാഷ്ട്രം ആക്കുമെന്നാണ്. ട്രോളുകൾ  കാര്യമാക്കുന്നില്ലെന്നും അനില്‍ മറുപടി നല്‍കി.

 

Eng­lish Sam­mury: Anil antony vist his Father A K Antony at anjanam thiruvananthapuram

 

Exit mobile version