Site icon Janayugom Online

ജന്തുജന്യ രോഗപ്രതിരോധം: കേരളം ഏറെ മുന്നില്‍: ലോകബാങ്ക്

ജന്തുജന്യ രോഗപ്രതിരോധ പ്രവർത്തനങ്ങളില്‍ കേരളം ഏറെ മുന്നിലെന്ന് ലോകബാങ്ക് പ്രതിനിധി. ഇന്ത്യയിലെ കന്നുകാലികളുടെ ആരോഗ്യസംരക്ഷണം മുൻനിര്‍ത്തി ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കാൻ കേന്ദ്ര മൃഗസംരക്ഷണ വകുപ്പും ലോകബാങ്കും സംയുക്തമായി നടപ്പിലാക്കുന്ന പ്രധാന പ്രോജക്ടായ ‘വേൾഡ് ബാങ്ക് ഫണ്ട‍‍‍‍ഡ് അനിമൽ ഹെൽത്ത് സിസ്റ്റം സപ്പോർട്ട് ഫോർ വൺ ഹെൽത്തി‘ന്റെ ഭാഗമായി സ്റ്റേക്ക് ഹോൾഡേഴ്സ് തിരുവനന്തപുരത്ത് ചേർന്ന സംയുക്ത യോഗത്തിലാണ് ലോകബാങ്ക് പ്രതിനിധി ജീവൻ മൊഹന്തി കേരളത്തിലെ ജന്തുജന്യ രോഗപ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ചത്. 

മൃഗസംരക്ഷണ വകുപ്പിലെ രോഗനിയന്ത്രണ വിഭാഗം, ആരോഗ്യവകുപ്പ്, മെഡിക്കൽ കോളജ്, വെറ്ററിനറി കോളജ്, ‍ഡ്രഗ് കൺട്രോളർ, ഫുഡ് സേഫ്റ്റി, ഐസിഎംആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
കേരളം ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ഏകാരോഗ്യ കേസ് സ്റ്റഡി നടത്തുന്നതിനായിരുന്നു യോഗം ചേർന്നത്. ഈ സംസ്ഥാനങ്ങൾ ജന്തുജന്യരോഗങ്ങൾ വരുമ്പോൾ എങ്ങനെ പ്രതിരോധിച്ചു, പ്രതിരോധിക്കുന്നു, എന്തെല്ലാം മുൻകരുതലുകൾ എടുക്കുന്നു, രോഗപ്രതിരോധ പ്രതിവിധികൾ നടപ്പിലാക്കുന്ന വിധം തു‍ടങ്ങിയവ നേരിൽ കണ്ടു മനസിലാക്കുകയാണ് കേസ് സ്റ്റഡിയുടെ പ്രധാന ലക്ഷ്യം. 

മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, വനം വകുപ്പ്, മെഡിക്കൽ കോളജ്, വെറ്ററിനറി കോളജ്, ‍ഡ്രഗ് കൺട്രോളർ, ഫുഡ് സേഫ്റ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി തുടങ്ങി എല്ലാ ഡിപ്പാർട്ട്മെന്റുകളുടെയും സംയുക്ത യോഗത്തിൽ ഉരുത്തിരിയുന്ന തീരുമാനങ്ങൾ, നിർദേശങ്ങൾ, ആശയങ്ങൾ എന്നിവയെല്ലാം ക്രോഡീകരിച്ച് റിപ്പോർട്ടാക്കും. തുടർന്ന് കേന്ദ്രസംഘം ഇന്ന് തലസ്ഥാനത്തെ മൃഗാശുപത്രികൾ, തിരുവനന്തപുരം കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. നാളെ വയനാട് ജില്ലയിലെ വെറ്ററിനറി സെന്ററുകൾ, പൂക്കോട് വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ വൺ ഹെൽത്ത് അഡ്വൈസറി റിസർച്ച് ആന്റ് ട്രെയിനിങ് എന്നിവ സന്ദർശിക്കും. തുടർന്ന് കോഴിക്കോട് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കോഴിക്കോട്ടെ നിപ പ്രതിരോധ പ്രവർത്തനങ്ങൾ കൂടി പഠിക്കും. ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിൽ കേരളത്തിൽ നിന്നും ലഭിച്ച പഠനാനുഭവങ്ങളെല്ലാം ക്രോഡീകരിച്ച് അവ ഇന്ത്യയിൽ മാത്രമല്ല, വിദേശരാജ്യങ്ങളിൽ കൂടി നടപ്പിലാക്കുകയാണ് ലോകബാങ്ക് ലക്ഷ്യമിടുന്നത്.

Eng­lish Sum­ma­ry: Ani­mal Immu­niza­tion: Ker­ala far ahead: World Bank

You may also like this video

Exit mobile version