Site iconSite icon Janayugom Online

യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയതിന് പിന്നാലെ കൊല്ലത്ത് വീണ്ടും ആക്രമണം; നടന്ന് പോകുന്ന യുവാവിനെ വെട്ടി, അന്വേഷണം

കൊല്ലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നതിന് പിന്നാലെ ഓച്ചിറയില്‍ മറ്റൊരു ആക്രമണം കൂടി. ഓച്ചിറ വവ്വാക്കാവിൽ അനീറെന്ന യുവാവിനെയാണ് വെട്ടിക്കാലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ സംഘമാണ് യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

കരുനാഗപ്പള്ളി താച്ചയിൽമുക്കിൽ വധശ്രമക്കേസ് പ്രതി സന്തോഷിനെ കൊലപ്പെടുത്തിയ അതേ സംഘമാണ് അനീറിനേയും ആക്രമിച്ചതെന്നാണ് വിവരം. അര മണിക്കൂറിന്റെ വ്യത്യാസത്തിലാണ് രണ്ട് സംഭവങ്ങളുമുണ്ടായത്. സുഹൃത്തിനൊപ്പം നടന്നു പോകുമ്പോഴായിരുന്നു ആക്രമണമെന്നാണ് വിവരം. അതേസമയം, ആക്രമണങ്ങൾക്ക് പിന്നിൽ ഗുണ്ടാ കുടിപ്പകയെന്നാണ് പൊലീസ് സംശയം. 

സന്തോഷിനെ സംഘം വീട്ടിൽ കയറി വെട്ടികൊലപ്പെടുത്തിയത്. 2014‑ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ കൊലപാതകവുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സന്തോഷിൻ്റെ കാൽ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. രക്തംവാർന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

Exit mobile version