Site iconSite icon Janayugom Online

വീണ്ടും ‘കുറുപ്പ്’ മോഡല്‍ കൊലപാതകം; ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി: വ്യവസായിയും ഭാര്യയും അറസ്റ്റില്‍

സുഹൃത്തിനെ കൊലപ്പെടുത്തി, മരിച്ചത് താന്‍ ആണെന്ന് വരുത്തി തീര്‍ത്ത് കോടികളുടെ ഇന്‍ഷുറന്‍സ് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ബിസിനസുകാരനും ഭാര്യയും അടക്കം ആറുപേര്‍ അറസ്റ്റില്‍. പഞ്ചാബിലെ രാംദാസ് നഗര്‍ മേഖലയിലാണ് സംഭവം. ബിസിനസുകാരന്‍ ഗുര്‍പ്രീത് സിങ്ങും ഭാര്യ കുഷ്ദീപ് കൗറും സഹായികളായ നാലുപേരും അറസ്റ്റിലായി. ഗുര്‍പ്രീതിന്റെ സുഹൃത്ത് സുഖ്ജീത്ത് സിങ്ങാണ് കൊല്ലപ്പെട്ടത്. സുഖ്ജിത്തിനെ കാണാനില്ലെന്ന് കാണിച്ച്‌ ഭാര്യ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. 

ബിസിനസില്‍ കനത്ത നഷ്ടം നേരിട്ടതോടെയാണ് സുഹൃത്തിനെ കൊലപ്പെടുത്തി, മരിച്ചത് താനാണ് എന്ന് വരുത്തി തീര്‍ത്ത് കോടികളുടെ ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ഗുര്‍പ്രീത് മറ്റു അഞ്ചുപേരുമായി ഗൂഢാലോചന നടത്തിയത്. ഇന്‍ഷുറന്‍സ് തുകയായ നാലുകോടി രൂപ തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.

ഇതിനായാണ് സുഖ്ജീത്തുമായി ഗുര്‍പ്രീത് സൗഹൃദം സ്ഥാപിച്ചത്. ജുണ്‍ 19നാണ് സുഖ്ജീത്തിനെ കാണാതായത്. ഇതിന് പിന്നാലെ സുഖ്ജീത്തിന്റെ ഭാര്യ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സുഖ്ജിത്തിന്റെ മോട്ടോര്‍സൈക്കിളും ചെരുപ്പും കനാലിന്റെ തീരത്ത് നിന്ന് കണ്ടെത്തി. ഇതോടെ സുഖ്ജീത്ത് സിങ് ആത്മഹത്യ ചെയ്തു എന്നാണ് ആദ്യം പൊലീസ് കരുതിയിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ കേസിന്റെ ചുരുളഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഭര്‍ത്താവിന് കുടിക്കാന്‍ ഗുര്‍പ്രീത് മദ്യം വാങ്ങി നല്‍കിയിരുന്നുവെന്ന സുഖ്ജീത്തിന്റെ ഭാര്യയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് ഗുര്‍പ്രീതിന്റെ കുടുംബത്തെ ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവ് റോഡപകടത്തില്‍ മരിച്ചതായി വീട്ടുകാര്‍ പറഞ്ഞു. സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. അന്വേഷണത്തില്‍ ഗുര്‍പ്രീത് ജീവനോടെയുള്ളതായി കണ്ടെത്തി. 

ജുണ്‍ 20ന് ഗുര്‍പ്രീത് റോഡപകടത്തില്‍ മരിച്ചതായി കാണിച്ച്‌ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി സുഖ്ജീത്തിനെ ബോധംകെടുത്തിയ ശേഷമായിരുന്നു കൊലപാതകം. പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ സുഖ്ജീത്തിന്റെ വസ്ത്രം ഗുര്‍പ്രീത് മാറ്റിയതായും പൊലീസ് പറയുന്നു. എന്നിട്ട് ഗുര്‍പ്രീതിന്റെ വസ്ത്രം സുഖ്ജീത്തിന് ധരിപ്പിച്ചു. തുടര്‍ന്ന് ട്രക്ക് കയറ്റി കൊല്ലുകയായിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി തിരിച്ചറിയാന്‍ കഴിയാത്തവിധം വികൃതമായ നിലയിലുള്ള മൃതദേഹം തന്റെ ഭര്‍ത്താവിന്റെതാണെന്ന് ഗുര്‍പ്രീതിന്റെ ഭാര്യ അവകാശപ്പെട്ടതായും പൊലീസ് പറയുന്നു. 

Eng­lish Sum­ma­ry: Anoth­er ‘black’ mod­el mur­der; Mur­dered friend for insur­ance mon­ey: Busi­ness­man and wife arrested

You may also like this video

Exit mobile version