Site icon Janayugom Online

ജനങ്ങളുടെ തലയില്‍ വീണ്ടും ആഘാതം

സാധാരണ ജനങ്ങള്‍ നിത്യജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിയോജിപ്പിക്കാനാവാത്തവിധം ദുരിതത്തെ നേരിടുകയാണ്. ഇന്ധന വില അടിക്കടി വര്‍ധിപ്പിച്ചതുവഴി എല്ലാ നിത്യോപയോഗ വസ്തുക്കളുടെയും വില ദിനംപ്രതിയെന്നോണം കുതിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യ ധാന്യങ്ങള്‍, പഴം പച്ചക്കറികള്‍ എന്നിവ അപ്രാപ്യ വസ്തുക്കളാകുമോയെന്ന ആശങ്കയും കൂടിവരികയാണ്. കടുത്ത വേനലും ശക്തമായ മഴയും ഉല്പാദനത്തിലുണ്ടാക്കിയ കുറവ് ഇതിനകം തന്നെ ഗോതമ്പ്‍, അരി ഉള്‍പ്പെടെ മഹാഭൂരിപക്ഷം ഉപയോഗിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാക്കിയിട്ടുണ്ട്. പണപ്പെരുപ്പ നിരക്ക് എല്ലാ തലത്തിലും ഉയര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. മാര്‍ച്ചില്‍ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ചില്ലറ വില പണപ്പെരുപ്പം. 6.35 ശതമാനമായാണ് മാര്‍ച്ചിലെ ചില്ലറ വില പണപ്പെരുപ്പം നില്ക്കുന്നത്. ഇന്ധന വിലയിലുള്ള വര്‍ധനവ് താല്ക്കാലികമായി നിര്‍ത്തിയിട്ടുണ്ടെങ്കിലും ഈ മാസവും ചില്ലറ വില ഉയരുമെന്നും പണപ്പെരുപ്പം വര്‍ധിക്കുമെന്നുമാണ് നിഗമനം. ഇതിന്റെ കൂടെ മൊത്തവില പണപ്പെരുപ്പവും ഉയര്‍ന്നുതന്നെ നില്ക്കുകയാണ്. ഫെബ്രുവരിയിലെ 13.11 ല്‍ നിന്ന് മാര്‍ച്ചില്‍ 14.55 ശതമാനമായി. അവശ്യവസ്തുക്കളുടെയും അസംസ്കൃത വസ്തുക്കളുടെയും എല്ലാം വില ഉയരുന്ന പ്രവണത തുടരുകയാണ്. അസംസ്കൃത, പെട്രോളിയം ഉല്പന്നങ്ങളുടെ പണപ്പെരുപ്പം മാര്‍ച്ചില്‍ 83.56 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നു. ഫെബ്രുവരിയില്‍ 55.17 ശതമാനമായിരുന്നു നിരക്ക്. ഫെബ്രുവരിയില്‍ പണപ്പെരുപ്പം അവശ്യവസ്തുക്കളുടേത് 13.39ല്‍ നിന്ന് 15.54, നിര്‍മ്മിതോല്പന്നങ്ങളുടേത് 9.84 ല്‍ നിന്ന് 10.71 ശതമാനമായി. ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും നിരക്ക് ഫെബ്രുവരിയില്‍ 31.50 ശതമാനമായിരുന്നത് മാര്‍ച്ചില്‍ 34.52 ശതമാനമായി. മൊത്തപണപ്പെരുപ്പത്തിന്റെ തോത് മാര്‍ച്ച് മാസം കഴിഞ്ഞ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉക്രെയ്‌ന്‍ യുദ്ധം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ആഗോള തലത്തിലുണ്ടായ ഇന്ധന വില വര്‍ധനയുടെയും അതു സൃഷ്ടിച്ച വിലക്കയറ്റത്തിന്റെയും പ്രതിഫലനമെന്ന വിശദീകരണമാണ് കേന്ദ്രം നല്കുന്നത്. എന്നാല്‍ ആഗോള തലത്തില്‍ ഇന്ധനത്തിന് ഇപ്പോഴുള്ളതിനെക്കാള്‍ വില ഉയര്‍ന്ന ഘട്ടത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്ക്കുകയായിരുന്നതിനാല്‍ വില കയറ്റാതെ പിടിച്ചുനിര്‍ത്തുവാന്‍ കമ്പനികള്‍ ശ്രമിച്ചുവെന്നതിലൂടെ ഇതിനു പിന്നിലെ രാഷ്ട്രീയ — സാമ്പത്തിക താല്പര്യങ്ങള്‍ മനസിലാക്കാവുന്നതാണ്. എണ്ണക്കമ്പനികളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഇക്കാര്യത്തില്‍ നിലനില്ക്കുന്ന അസ്വാഭാവികമായ ബന്ധത്തെയും ഇത് തുറന്നു കാട്ടുന്നുണ്ട്. ഈ വിധത്തില്‍ ജീവിതം ദുരിതക്കയത്തിലായ ജനകോടികളുടെ തലയ്ക്ക് ആഘാതമേല്പിക്കുന്ന തീരുമാനം വരാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നു.


ഇതുകൂടി വായിക്കാം; ഊർജ പരിവർത്തനം: ഇന്ത്യ നേരിടുക ഗുരുതരമായ സാമ്പത്തിക വെല്ലുവിളി 


143 ഇനം വസ്തുക്കളുടെ ചരക്കുസേവന നികുതി (ജിഎസ്‌ടി) വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശമാണ് തയാറായിരിക്കുന്നത്. ഈ വിഷയത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ്. ഇതില്‍ 93 ശതമാനം ഉല്പന്നങ്ങളുടെയും നികുതി നിരക്ക് ഏറ്റവും ഉയര്‍ന്ന 28 ശതമാനമായി നിജപ്പെടുത്തുമെന്നാണ് വിവരം. ഇക്കാര്യം ജിഎസ്‌ടി കൗണ്‍സില്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അധ്യക്ഷനായ ജിഎസ്‌ടി മന്ത്രിതല സമിതി തീരുമാനമെടുത്തിരിക്കുന്നുവെന്ന വിവരത്തിന് ഉന്നത വൃത്തങ്ങളില്‍ നിന്ന് സ്ഥിരീകരണമുണ്ടായിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കുന്നതിന് നികുതി ഉയര്‍ത്തണമെന്ന നിര്‍ദേശം ചില സംസ്ഥാനങ്ങള്‍ മുന്നില്‍വച്ചിട്ടുണ്ടെന്ന് നേരത്തേതന്നെ വെളിപ്പെടുത്തലുണ്ടായതുമാണ്. 2019ലെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്ക്കുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് കുറേയധികം വസ്തുക്കളുടെ നികുതി നിരക്ക് കുറച്ചിരുന്നു. 2017 നവംബറിലും 2018 ഡിസംബറിലുമായിരുന്നു ഇത്. സുഗന്ധദ്രവ്യങ്ങള്‍, തുകല്‍ ഉല്പന്നങ്ങള്‍, ചോക്ലേറ്റുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ തുടങ്ങിയവയ്ക്കാണ് നികുതി കുറച്ചത്. ഇതുമൂലം നികുതി വരുമാനത്തില്‍ 20,000 കോടി രൂപയുടെ കുറവുണ്ടായെന്ന് പറഞ്ഞ് സംസ്ഥാനങ്ങളുടെ വിഹിതം നല്കാത്ത സ്ഥിതിയുമുണ്ടായിരുന്നു. അങ്ങനെ സംസ്ഥാനങ്ങളെയും നികുതി വര്‍ധനയെന്ന തീരുമാനത്തോടൊപ്പം നിര്‍ത്താനുള്ള പശ്ചാത്തലം നേരത്തെ തന്നെ കേന്ദ്രം ഒരുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കുമേല്‍ കേന്ദ്രം അടിച്ചേല്പിക്കുന്ന ഈ വര്‍ധന സംസ്ഥാനങ്ങള്‍ക്കും അംഗീകരിക്കേണ്ടിവരുമെന്നതാണ് സ്ഥിതി. ടെലിവിഷൻ, ഉണങ്ങിയ പഴങ്ങൾ, ചോക്ലേറ്റുകള്‍, ഹാന്റ് ബാഗ്, സുഗന്ധദ്രവ്യങ്ങള്‍, മദ്യരഹിത പാനീയങ്ങൾ, കണ്ണടകൾ, കണ്ണട ഫ്രെയിമുകൾ, തുകൽ വസ്ത്രങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയ വസ്തുക്കള്‍ക്കെല്ലാം നികുതി വര്‍ധിക്കുമെന്നതാണ് നിര്‍ദേശം. ഇതിന് പുറമേ പുതിയ ചില ഇനങ്ങളെ നികുതി വലയിലേക്ക് കൊണ്ടുവരാനും നിര്‍ദേശമുണ്ട്. ഫലത്തില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ വസ്തുക്കള്‍ക്കും വീണ്ടും വില ഉയരുന്നതിനുള്ള സാഹചര്യമാണ് ഉണ്ടാകുവാന്‍ പോകുന്നത്. ചരക്കുസേവന നികുതി ആവിഷ്കരിക്കുമ്പോള്‍ നികുതി ഏകീകരിക്കുകയും അതുവഴി വില കുറയുകയും ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ മുന്നൊരുക്കങ്ങളില്ലാതെ നടപ്പിലാക്കിയത് സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും ദുരിതം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. കോവിഡ് മഹാമാരിയില്‍ നിന്ന് ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ ചരക്കു സേവന നികുതി വര്‍ധിപ്പിച്ച് അവരുടെ മേല്‍ മറ്റൊരു ഭാരം കൂടി വച്ച് നല്കുന്നത് കരുണയുടെ അംശമെങ്കിലും ബാക്കിയുള്ള ഭരണാധികാരികള്‍ ചെയ്യാന്‍ പാടില്ലാത്തതാണ്.

You may also like this video;

Exit mobile version