ഗതാഗത തടസമുണ്ടാക്കിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസ്. ജാമ്യം ലഭിച്ചതിനു പിന്നാലെ പൂജപ്പുര സെൻട്രൽ ജയിലിനു മുന്നിൽ സ്വീകരണം നൽകിയപ്പോള്‍ ഗതാഗത തടസമുണ്ടാക്കിയെന്നുകാട്ടിയാണ് രാഹുൽ ഉൾപ്പെടെ 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ രാഹുൽ രണ്ടാം പ്രതിയാണ്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് നേമം സജീറാണ് ഒന്നാം പ്രതി.
കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗതാഗതം തടസപ്പെടുത്തി പൊതുജന സമാധാനം തകർത്തു, ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനുമുണ്ടാക്കി, ഫ്ലെക്സ് ബോർഡുകൾ തകർത്തു, പൊലീസ് ആജ്ഞ ലംഘിച്ച് ന്യായ വിരുദ്ധ പ്രവർത്തികൾ നടത്തി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതോടെ രാഹുലിനെതിരെ എടുക്കുന്ന അഞ്ചാമത്തെ കേസാണിത്. രാഹുലിന് മേൽ ചുമത്തിയിരിക്കുന്ന നാലു കേസുകളിലും ജാമ്യം അനുവദിച്ചതോടെ രാഹുല്‍ ബുധനാഴ്ച ജയിൽ മോചിതനായിരുന്നു.
English Summary: Another case against Rahul Mangoota for causing traffic obstruction
You may also like this video