Site iconSite icon Janayugom Online

ലക്ഷദ്വീപിൽ വീണ്ടും അനാസ്ഥയെന്ന് പരാതി: ചികിത്സ വൈകിയതിനെത്തുടർന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ലക്ഷദ്വീപിലെ മെഡിക്കൽ ട്രാൻസിറ്റ് സംവിധാനങ്ങളിലെ അപാകതയും അധികൃതരുടെ അനാസ്ഥയും കാരണം നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി പരാതി. അമിനി ദ്വീപ് സ്വദേശി മുഹമ്മദ് കാസിമിന്റെ നാല് മാസം പ്രായമുള്ള മകനാണ് മരിച്ചത്. അമിനിയിൽ നിന്നും കുഞ്ഞിനെ കൊച്ചിയിലേക്ക് മാറ്റുന്നതിലുണ്ടായ കാലതാമസമാണ് മരണത്തിന് കാരണമായതെെന്നും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അധികൃതരോട് സഹായം ചോദിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു. ബുധനാഴ്ച രാത്രി 11 ഓടെ ഛർദിയെ തുടർന്ന് കുഞ്ഞിനെ അമിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രോഗനിർണ്ണയം നടത്താനോ തുടർചികിത്സ ലഭ്യമാക്കാനോ ആവശ്യമായ വിദഗ്ധ ഡോക്ടർമാരുടെ സേവനം അവിടെ ലഭ്യമായിരുന്നില്ല. കുഞ്ഞിനെ അടിയന്തരമായി കവരത്തിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.

കുഞ്ഞിന്റെ നില വഷളായതിനെ തുടർന്ന് ഹെലികോപ്റ്റർ മാർഗ്ഗം കവരത്തിയിലേക്ക് മാറ്റാനാണ് ഡോക്ടർ നിർദ്ദേശിച്ചത്. എന്നാൽ കുഞ്ഞിനെ കൊച്ചിയിലേക്ക് നേരിട്ട് കൊണ്ടുപോകണമെന്ന പിതാവിന്റെ ആവശ്യം അധികൃതർ നിരസിച്ചു. കുഞ്ഞ് ​ഗുരുതരാവസ്ഥയിലാണെങ്കിലും കവരത്തിയിൽ എത്തിക്കാതെ കൊച്ചിയിലേക്ക് കൊണ്ടുപോകാൻ കഴിയില്ല എന്ന് നോഡൽ ഓഫീസറും മെഡിക്കൽ സൂപ്രണ്ടും അറിയിച്ചു. എയർ ആംബുലൻസ് സൗകര്യം ലഭ്യമായിരുന്നിട്ടും രോഗിയായ കുഞ്ഞിന് മുൻഗണന നൽകുന്നതിന് പകരം സാധാരണ യാത്രക്കാരെ എത്തിക്കാനാണ് അധികൃതർ ശ്രമിച്ചതെന്ന് പിതാവ് ആരോപിച്ചു. എയർ ആംബുലൻസ് രണ്ട് തവണ സാധാരണ യാത്രക്കാരുമായി അഗത്തിയിലേക്ക് പറന്നതായും പരാതിയുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30നാണ് കുഞ്ഞിനെ അമിനിയിൽ നിന്നും കവരത്തിയിൽ എത്തിച്ചത്. കവരത്തിയിൽ എത്തിച്ചിട്ടും കാര്യമായ ചികിത്സ നൽകാൻ കഴിഞ്ഞില്ല. മൂന്ന് മണിക്കൂറിലധികം വൈകി വൈകുന്നേരം 3:30ഓടെയാണ് കുഞ്ഞിനെ കൊച്ചിയിലേക്ക് കൊണ്ടുപോയത്. 5:30ഓടെ കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽൽ എത്തിച്ചെങ്കിലും ഐസിയുവിൽ പ്രവേശിപ്പിച്ച് ഒന്നര ദിവസത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. ദ്വീപിലെ ആരോഗ്യരംഗത്തെ ഇത്തരം ഗുരുതരമായ വീഴ്ചകൾ പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഇപ്പോൾ ശക്തമായിരിക്കുകയാണ്.

Exit mobile version