Site iconSite icon Janayugom Online

കാസർകോട് കുഴിമന്തി കഴിച്ച് 19 വയസുകാരി മരിച്ചു

ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു. ചെമ്മനാട് പരവനടുക്കം ബേനൂരിലെ പരേതനായ കണ്ണന്‍-അംബിക ദമ്പതികളുടെ മകളും മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ.കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയുമായ അഞ്ജുശ്രീ പാര്‍വതി (19)യാണ് മരിച്ചത്.
മംഗളുരുവില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം. രക്തത്തില്‍ ബാക്ടീരിയ കലര്‍ന്ന് ആന്തരാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണകാരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. എഐഎസ്എഫിന്റെ സജീവ പ്രവര്‍ത്തക കൂടിയായിരുന്നു അഞ്ജുശ്രീ. 

ഡിസംബര്‍ 31ന് ഉച്ചയ്ക്കാണ് അഞ്ജുശ്രീ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. കാസര്‍കോട് അടുക്കത്ത്ബയലിലെ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ നിന്ന് ചിക്കന്‍ മന്തി, ചിക്കന്‍ 65, മയോണൈസ്, ഗ്രീന്‍ ചട്‌നി എന്നിവയാണ് വാങ്ങിയത്. അഞ്ജുശ്രീയെ കൂടാതെ അമ്മ അംബിക, സഹോദരന്‍ ശ്രീകുമാര്‍ (17), ബന്ധുക്കളായ ശ്രീനന്ദന (19), അനുശ്രീ (19) എന്നിവരാണ് ഭക്ഷണം കഴിച്ചത്.
വൈകുന്നേരത്തോടെ അഞ്ജുശ്രീക്കും ബന്ധുക്കളായ പെണ്‍കുട്ടികള്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛര്‍ദ്ദിച്ച് അവശരായതിനെ തുടര്‍ന്ന് കാസര്‍കോട് ദേളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി വീട്ടിലേക്ക് മടങ്ങി. അഞ്ചിന് വീണ്ടും ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെതുടര്‍ന്ന് അഞ്ജുശ്രീ വീണ്ടും ഇതേ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. ആറിന് സ്ഥിതി കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അസ്വാഭാവിക മരണത്തിന് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകി.
മരണ വിവരം അറിഞ്ഞ് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, സിപിഐ(എം) ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി.
ഭക്ഷ്യവിഷബാധ മൂലം ഒരാഴ്ചയ്ക്കിടെ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണ് ഇത്. കോട്ടയം സംക്രാന്തിയിലെ ഹോട്ടലില്‍ നിന്നും അല്‍ഫാം കഴിച്ച് നഴ്സ് രശ്മി രാജന്‍ മരിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. കാസര്‍കോട് ജില്ലയില്‍ ഏഴുമാസത്തിനിടെയുള്ള രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞവര്‍ഷം മേയ് ഒന്നിനാണ് ചെറുവത്തൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഇ വി ദേവനന്ദ (16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. 

Eng­lish Sum­ma­ry: Anoth­er death due to food poisoning
You may also like this video

Exit mobile version