ഇന്ന് തിരുവോണം. ഐശ്വര്യത്തിൻറെയും സമ്പൽ സമൃദ്ധിയുടെയും മറ്റൊരു പൊന്നോണ നാൾ കൂടി എത്തിയിരിക്കുകയാണ്. മലയാളക്കരയാകെ ഓണാഘോഷത്തിമിർപ്പിലാണ്. തിരുവോണ നാൾ പുലർന്നപ്പോൾ മുതൽ എല്ലാ സ്ഥലങ്ങളിലും ആൾത്തിരക്കാണ്. പൂക്കട മുതൽ ഹോട്ടലുകൾ വരെ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അത്തപ്പൂക്കളം ഇടാനായി വീടുകൾ തോറും കയറിയിറങ്ങിയിരുന്ന ആ പഴയ ഓണക്കാലം എങ്ങോ പോയ് മറഞ്ഞു. ഇന്ന് പൊന്നിൻ വില കൊടുത്ത് പൂക്കൾ വാങ്ങി അത്തപ്പൂക്കളം വ്യത്യസ്തമാക്കാനുള്ള തിരക്കിലാണ് മലയാളികൾ.
വിഭവസമൃദ്ധമായ ഓണസദ്യയും വീട്ടിലൊരുക്കാൻ ഇപ്പോൾ ആരും മെനക്കെടാറില്ല. എല്ലാ വിഭവങ്ങളുമടങ്ങിയ പാഴ്സൽ സദ്യകൾ ഹോട്ടലുകളിൽ റെഡിയാണ്. എന്നിരുന്നാൽപ്പോലും ജാതിമത ഭേദമന്യേ എല്ലാവരും ഒത്തൊരുമയോടെ ആഘോഷിക്കുന്ന മറ്റൊരു ഉത്സവം നമ്മുടെ രാജ്യത്തുണ്ടാകില്ല.

